മൂവാറ്റുപുഴയാറ്റിൽ അമ്മയുടെയും ഒരു വയസ്സ് പ്രായം തോന്നിക്കുന്ന കുഞ്ഞിന്റെയും മൃതദേഹങ്ങൾ കണ്ടെത്തി. പിറവം മുളക്കുളം പാലത്തിന് സമീപമാണ് മൃതദേഹങ്ങൾ ഒഴുകിനടക്കുന്ന നിലയിൽ കണ്ടെത്തിയത്. മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
ഇന്ന് വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം. പുഴയിലൂടെ മൃതദേഹങ്ങൾ ഒഴുകിവരുന്നത് കണ്ട് നാട്ടുകാരാണ് പൊലീസിൽ വിവരമറിയിച്ചത്. തുടർന്ന് പൊലീസെത്തി മൃതദേഹങ്ങൾ കരയ്ക്ക് മാറ്റി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ അല്പസമയത്തിനകം പിറവം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും.
ഇവർ പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ അപകടത്തിൽപ്പെട്ടതാണോ അതോ മറ്റെന്തെങ്കിലും കാരണമാണോ എന്ന് വ്യക്തമല്ല. പരിസരപ്രദേശങ്ങളിൽ നിന്ന് ആരെയും കാണാതായിട്ടുണ്ടോ എന്നതുൾപ്പെടെയുള്ള വിവരങ്ങൾ പൊലീസ് ശേഖരിച്ചുവരികയാണ്. സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.