ck-hareendran-mla

TOPICS COVERED

നിയമസഭയിൽ ഉറങ്ങിയെന്ന ആക്ഷേപത്തില്‍ വിശദീകരണവുമായി  സി.കെ. ഹരീന്ദ്രന്‍റെ എംഎല്‍എ. സഭയില്‍ നിന്നുള്ള വിഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണ് എംഎല്‍എ  സംഭവത്തിന്‍റെ സത്യാവസ്ഥയുമായി രംഗത്തെത്തിയത്.  ഡെങ്കിപ്പനി ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി ചികിത്സയിലാണെന്നും രോഗാവസ്ഥയിൽ നിന്നുള്ള ശാരീരിക ക്ഷീണം യാഥാർത്ഥ്യമാണെന്നും അദ്ദേഹം കുറിച്ചു. ബജറ്റായതിനാലാണ് ആരോഗ്യസ്ഥിതി വീണ്ടെടുക്കും മുൻപ് സഭയിലെത്തിയത്. സഭയിലെ ഏതാനും നിമിഷങ്ങൾ മാത്രം അടർത്തിയെടുത്ത് പ്രചരിപ്പിക്കുന്നത് വിലകുറഞ്ഞ രാഷ്ട്രീയ പ്രചാരണത്തിന്‍റെ ഭാഗമാണെന്നും ഹരീന്ദ്രൻ പറഞ്ഞു

'ഡെങ്കിപ്പനി ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചക്കാലം നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം വിശ്രമം ആവശ്യമായിരുന്നെങ്കിലും ബജറ്റുമായി ബന്ധപ്പെട്ട സുപ്രധാന ചർച്ചകൾ നടക്കുന്നതിനാണ് ആരോഗ്യസ്ഥിതി വീണ്ടെടുക്കുന്നതിന് മുന്‍പ് സഭയിലെത്തിയത്. ബജറ്റ് ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയും പാറശാല നിയോജകമണ്ഡലവുമായി ബന്ധപ്പെട്ട വിഷയങ്ങൾ സഭയുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ മണിക്കൂറുകളോളം നീണ്ടുനിന്ന സഭാ നടപടികൾക്കിടയിലെ ഏതാനും നിമിഷങ്ങൾ മാത്രം അടർത്തിയെടുത്ത് പ്രചരിപ്പിച്ചാണ് ചിലർ വിലകുറഞ്ഞ രാഷ്ട്രീയ പ്രചാരണത്തിന് ശ്രമിക്കുന്നത്' എന്നാണ് ഹരീന്ദ്രന്‍ എഴുതിയത്. 

'രോഗാവസ്ഥയിൽ നിന്നുള്ള ശാരീരിക ക്ഷീണം ഒരു യാഥാർഥ്യമാണ്. അതിനെ മനുഷ്യത്വപരമായി കാണുന്നതിന് പകരം പരിഹാസത്തിനും വ്യക്തിപരമായ അധിക്ഷേപങ്ങൾക്കുമായി ഉപയോഗിക്കുന്നത് രാഷ്ട്രീയ സംസ്കാരത്തിന് ചേർന്നതല്ല. പൊതുജീവിതത്തിൽ പ്രവർത്തിക്കുന്നവർ വിമർശനങ്ങൾക്ക് അതീതരല്ല. എന്നാൽ വിമർശനം വസ്തുതകളുടെയും രാഷ്ട്രീയ നിലപാടുകളുടെയും അടിസ്ഥാനത്തിലാകണം' എന്നും സി.കെ. ഹരീന്ദ്രൻ കുറിച്ചു. 

ENGLISH SUMMARY:

MLA C.K. Hareendran has issued a clarification after a video of him appearing to sleep in the Kerala Legislative Assembly went viral on social media. The MLA explained that he had been recovering from dengue fever for the past week and attended the session despite medical advice to rest because of the importance of the budget discussions. He criticized the circulation of the clip as a "cheap political stunt," noting that he actively participated in the debate and raised constituency issues despite his physical exhaustion. Hareendran urged that public figures be treated with human empathy, asserting that while he welcomes political criticism, mocking someone's health condition does not align with a healthy political culture.