എറണാകുളം കാഞ്ഞിരമറ്റത്ത് സ്പെയര്‍ പാര്‍ട്സ് കടയ്ക്കും ഡ്രൈവിങ് സ്കൂളിനും തീയിട്ട സംഭവത്തില്‍ ആരോപണ വിധേയനായ പത്താം ക്ലാസ് വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. ആരക്കുന്നം സ്വദേശിയായ വിദ്യാര്‍ഥിയെ, വീടിനടുത്തുള്ള ഒഴിഞ്ഞ കെട്ടിടത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിന് മൂന്നോ നാലോ ദിവസത്തെ പഴക്കമുണ്ടെന്നാണ് കരുതുന്നത്.
വ്യാഴാഴ്ചയാണ് കാഞ്ഞിരമറ്റത്തെ സ്പെയർപാർട്സ് കടയില്‍ വൻ തീപിടിത്തമുണ്ടാകുന്നത്. മുളന്തുരുത്തി, തൃപ്പൂണിത്തുറ എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റുകൾ മണിക്കൂറുകൾ പ്രയത്നിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീപിടുത്തത്തിന് തൊട്ടുമുൻപ് 16കാരന്‍ ഒരു കുപ്പിയുമായി സംഭവസ്ഥലത്ത് എത്തുന്നതും തീ പടർന്നയുടൻ അവിടെനിന്ന് ഓടിപ്പോകുന്നതുമായ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. പിന്നാലെ സംഭവത്തില്‍ പൊലീസ് കുട്ടിയെ സംശയിച്ചിരുന്നു.
എന്നാല്‍ കുട്ടിയെ പിന്നീട് കാണാതാകുകയായിരുന്നു. പൊലീസ് അന്വേഷണം വന്നതോടെ കുട്ടി പരിഭ്രാന്തനാകുകയും ഒളിവില്‍ പോകുകയുമായിരുന്നു എന്നാണ് കരുതിയിരുന്നത്. മുളന്തുരുത്തി പൊലീസാണ് അന്വേഷണം നടത്തുന്നത്. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.