നിയമസഭാ പ്രസംഗത്തില്‍ കയ്യടി നേടി പാലക്കാട് എംഎല്‍എ രമേശ് പിഷാരടി. സ്വതസിദ്ധമായ ശൈലിയില്‍ ഗൗരവമായി വിഷയങ്ങള്‍ക്കൊപ്പം അല്‍പം നര്‍മം കൂടി കലര്‍ത്തിയായിരുന്നു എംഎല്‍എയുടെ പ്രസംഗം. വര്‍ഗീയത എന്ന് പറയുന്നത് മതവുമായി മാത്രം ബന്ധപ്പെട്ട് നില്‍ക്കുന്നതല്ലെന്നും രാഷ്ട്രീയ വര്‍ഗീതയുണ്ടെന്നും രമേശ് പറഞ്ഞു. ഒരു രാഷ്ട്രീയ പാര്‍ട്ടിയാണെങ്കിലും മറ്റെല്ലാവരും എതിര്‍ക്കപ്പെടേണ്ടതാണെന്നും ഇല്ലായ്മ ചെയ്യപ്പെടേണ്ടതാണെന്നും ശരിയല്ലെന്നും, നമ്മള്‍ മാത്രമാണ് ശരിയെന്ന് വിശ്വസിക്കുന്നതും വര്‍ഗീയത തന്നെയാണെന്നും രമേശ് പിഷാരടി പറഞ്ഞു.
'എല്‍ഡിഎഫ് അല്ലാതെ മറ്റാര് എന്ന ക്യാപ്ഷന്‍ കൊള്ളില്ലല്ലോ എന്ന് തോന്നിയിരുന്നു. മറ്റാരേയും ഉള്‍ക്കൊള്ളുക എന്നത് അത്ര എളുപ്പമല്ല ഇവരെ സംബന്ധിച്ചിടത്തോളം. പാലക്കാട്ടെ ഒരു പൊതുപരിപാടിയില്‍ എന്‍റെ എതിര്‍സ്ഥാനാര്‍ഥിയെ കണ്ടപ്പോള്‍ ഞാന്‍ അദ്ദേഹത്തെ കെട്ടിപ്പിടിച്ചു. നിങ്ങള്‍ എന്തിനാണ് കെട്ടിപ്പിടിച്ചതെന്ന് യുഡിഎഫുകാരനായ ഒരാളും എന്നോട് ചോദിച്ചില്ല. പിന്നെ കമന്‍റ് ബോക്സ് നോക്കിയപ്പോള്‍ എന്തിനാണ് ഞങ്ങളുടെ സ്ഥാനാര്‍ഥിയെ കെട്ടിപ്പിടിച്ചതെന്ന് ചോദിക്കുകയാണ് ഒരു പ്രദേശം മുഴുവന്‍. ഇതെന്താണെന്ന് ആലോചിപ്പോഴാണ് അറിഞ്ഞത് നമ്മുടെ ജെനീഷിന് ചോറ് കൊടുത്തതിന് പാര്‍ട്ടില്‍ നിന്നും ഒരാളെ പുറത്താക്കിയെന്ന്.
ഇപ്പോഴും ഇന്‍ക്ലൂസീവായി ചിന്തിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നില്ല. ഇന്‍ക്ലൂസീവായി ചിന്തിക്കാന്‍ ഇന്ത്യയെ പഠിപ്പിച്ച ഒരു പാര്‍ട്ടിയുടെ പ്രതിനിധിയായി നില്‍ക്കാന്‍ കഴിയുന്നത് എന്‍റെ ഏറ്റവും വലിയ ഭാഗ്യമാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയിലേക്ക് എന്തുകൊണ്ടാണ് വന്നതെന്ന് പലരും ചോദിച്ചു. 200 കൊല്ലത്തെ ബ്രിട്ടീഷ് ഭരണത്തിന് ശേഷമാണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്നത്. അന്ന് ഇന്ത്യയുടെ സാക്ഷരത 12 ശതനമാനമാണ്, ശരാശരി ആയുസ് 35 വയസാണ്. ആശയവിനിമയത്തിന് ഒരു മാര്‍ഗവുമില്ല. മലേറിയയും കോളറയും പോലെ വലിയ അസുഖങ്ങള്‍ പിടിച്ചിട്ടുണ്ട്. റോഡുകളും പാലങ്ങളുമില്ല. വാഹനങ്ങളില്ല. ഇന്ത്യയെ നേരെ നിര്‍ത്താന്‍ പഠിപ്പിക്കുക എന്നതായിരുന്നു. ആ ഉദ്യമം ഏറ്റെടുത്ത് 50 വര്‍ഷം കൊണ്ട് ഹരിതവിപ്ലവത്തിലൂടെയും വ്യവസായ വിപ്ലവത്തിലൂടെയും പഞ്ചവല്‍സര പദ്ധതികളിലൂടെയും നിവര്‍ത്തിയ ഒരു പ്രസ്ഥാനം. അങ്ങനെ നില്‍ക്കാന്‍ പഠിച്ചപ്പോഴാണ് ബിജെപി അധികാരത്തില്‍ എത്തുന്നത്. അവര്‍ക്ക് കയ്യില്‍ മൊബൈല്‍ ഫോണുള്ള ഇന്ത്യക്കാരെയാണ് കിട്ടിയത്. 200 വര്‍ഷം ബ്രിട്ടീഷുകാര്‍ ഭരിച്ച ഇന്ത്യ കോണ്‍ഗ്രസിനും 54 വര്‍ഷം കോണ്‍ഗ്രസ് ഭരിച്ച ഇന്ത്യ ബിജെപിക്കും കിട്ടിയതുകൊണ്ടാണ് പത്ത് കൊല്ലം മുന്‍പ് ഇവര്‍ എന്താണ് ഉണ്ടാക്കിയത് എന്ന ചോദ്യം കേള്‍ക്കുന്നത്.
ബജറ്റിനെ പറ്റി ഇനിയും ഇവിടെ നിന്ന് സംസാരിക്കുന്നത് ശരിയല്ല. വേണമെങ്കില്‍ ഇന്നീ ബജറ്റ് ലോകമെങ്ങും വിളങ്ങീടാന്‍ ധനകാര്യമന്ത്രി തന്നെ എന്നൊരു പാട്ടിനൊക്കെ സ്കോപ്പുണ്ട്. പക്ഷേ നമ്മളത് ചെയ്യുന്നില്ല. ജെന്‍സി, തിങ്ക്ടാങ്ക് എന്നൊക്കെ മുന്‍ ബജറ്റുകളില്‍ കേടിട്ടില്ലാത്ത വാക്കുകളൊക്കെ കേട്ടതുകൊണ്ട് കാലത്തിനൊപ്പം നില്‍ക്കുകയും കാലത്തിന് മുന്നേ സഞ്ചരിക്കുകയും ചെയ്യുന്ന ബജറ്റാണിത്,' രമേശ് പിഷാരടി പറഞ്ഞു.