Image Credit: Sabha TV

  • വിഷയം പൊതുപ്രാധാന്യമുള്ളതായിരിക്കണം
  • ചട്ട ഭേദഗതി മതിയാകും, നിയമഭേദഗതി വേണ്ടതില്ല
  • പെറ്റീഷന്‍ നല്‍കാനുള്ള വ്യവസ്ഥ ഉപയോഗപ്പെടുത്താതെ ജനം

നിയമനിര്‍മ്മാണ സഭകളുടെ ചരിത്രത്തില്‍ നാഴികക്കല്ലായി എത്രയോ തീരുമാനങ്ങള്‍ക്ക് വഴിതുറന്ന നിയമസഭകളിലൊന്നാണ് കേരള നിയമസഭ. ഇപ്പോള്‍ ഒരു ചരിത്ര നീക്കത്തിന് ഒരുങ്ങുകയാണ് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ജനങ്ങള്‍ക്കും (മലയാളിക്ക്) നിയമസഭയില്‍ ചോദ്യം ചോദിക്കാന്‍ ഒരു അവസരം ഒരുക്കുന്ന കാര്യമാണ് തിരുവഞ്ചൂരിന്റെ. ഇത് നടപ്പാക്കപ്പെട്ടാല്‍ ഇന്ത്യയില്‍ ഇത് നടപ്പാക്കുന്ന ആദ്യ നിയമസഭയാകും അത്. 

നിയമനിര്‍മാണമാണ് സഭയുടെ പ്രധാന ദൗത്യമെങ്കിലും ജനപ്രശ്നങ്ങള്‍ സഭയിലെത്താന്‍ ജനപ്രതിനിധികള്‍ക്ക് ചില വഴികളുണ്ട്. – ചോദ്യോത്തരവേള, ശൂന്യവേള, സബ്മിഷന്‍, ശ്രദ്ധക്ഷണിക്കല്‍. അപ്പോഴും ജനങ്ങള്‍ക്ക് നേരിട്ട് സഭാനടപടികളുടെ ഭാഗമാകാന്‍ അവസരമില്ല. അത് പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ കീഴ്​വഴക്കമാണ്. അതില്‍ ഒരു പൊളിച്ചെഴുത്തിനാണ് സ്പീക്കര്‍ തിരുവഞ്ചൂര്‍ ശ്രമിക്കുന്നത്. 

തിരുവഞ്ചൂരിന്റെ മനസില്‍

ജനങ്ങള്‍ സ്പീക്കര്‍ക്ക് നേരിട്ട് അയയ്ക്കുന്ന ചോദ്യങ്ങളില്‍ (പൊതുപ്രാധ്യമുള്ളതാകണം) നിന്ന് പ്രാധാന്യം അനുസരിച്ച് തിരഞ്ഞെടുക്കപ്പെട്ടവ ബന്ധപ്പെട്ട മന്ത്രിമാര്‍ക്ക് സ്പീക്കര്‍ കൈമാറും. മന്ത്രിമാര്‍ മറുപടി തയാറാക്കി, ചോദ്യോത്തരവേളയില്‍ ജനപ്രതിനിധികള്‍ക്ക് മറുപടി പറയുന്ന മാതൃകയില്‍, ജനങ്ങള്‍ ചോദിച്ച ചോദ്യത്തിനും മന്ത്രി തന്നെ മറുപടി പറയും. വര്‍ഷത്തില്‍ ഒരുദിവസം ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ മാത്രമായി ചോദ്യത്തോരളവേള മാറ്റും. ഇതിലൂടെ  ചോദ്യകര്‍ത്താവിന്റെ പേരും സഭാരേഖകളില്‍ വരും. ഇതിന് നിയമഭേദഗതി വേണ്ടെന്നും ചട്ടഭേദഗതി മതിയാകുമെന്നാണ് സ്പീക്കര്‍ തിരുവഞ്ചൂര്‍ സൂചിപ്പിക്കുന്നത്. അതേസമയം, പാര്‍ട്ടികള്‍ക്കിടയില്‍ വിശദമായ ചര്‍ച്ച നടത്തും. 

ഫിന്‍ലാന്‍ഡില്‍ അരലക്ഷം പേര്‍ ഒപ്പിട്ട് സമര്‍പ്പിക്കുന്ന പരാതികളിന്മേല്‍ പാര്‍ലമെന്റ് ചര്‍ച്ച നടത്തി തീരുമാനമെടുക്കാന്‍ നിയമപരമായി ബാധ്യതയുണ്ട്. ഇത് ഉള്‍പ്പെടെയുള്ള കാര്യങ്ങളും സ്പീക്കര്‍ തിരുവഞ്ചൂര്‍ പരിശോധിക്കുന്നുണ്ട്. 

പൊതുജനം ഉപയോഗിക്കാത്ത ഹര്‍ജിമാര്‍ഗം – ഉപയോഗിച്ച ലീഡറും എം.മുരളിയും

നിലവിലെ ചട്ടങ്ങളിലും പൊതുജനങ്ങള്‍ക്ക് നിയമസഭയുടെ മുന്‍പില്‍ പരാതികള്‍ എത്തിക്കാനുള്ള മാര്‍ഗമുണ്ട്.  അത് ആരും ഉപയോഗിക്കാറില്ലെന്ന് മാത്രം. ഹര്‍ജി എന്നാണ് അതിന് പറയുന്നത്.  രണ്ടു തരത്തില്‍ ഹര്‍ജികള്‍ സഭയിലെത്തും. ഒന്ന് പൊതുജനങ്ങള്‍ നല്‍കുന്ന ഹര്‍ജികള്‍ ഒരു എംഎല്‍എ ഒപ്പിട്ട് ശുപാര്‍ശചെയ്ത് സഭയിലെത്തിക്കണം. അല്ലെങ്കില്‍ നിയമസഭയ്ക്ക് നേരിട്ട് ലഭിക്കുന്ന പരാതികള്‍ സെക്രട്ടറി സഭയുടെ ശ്രദ്ധയിലെത്തിക്കും. എന്നാല്‍, ഈ പരാതികളിന്മേല്‍ സഭയില്‍ ചര്‍ച്ചയുണ്ടാകില്ല. അത് പെറ്റീഷന്‍സ് കമ്മിറ്റിയുടെ പരിഗണനയ്ക്ക്  പോവുകയാണ് ചെയ്യുക. നിയമസഭാ ചട്ടങ്ങളുടെ പതിനഞ്ചാം അധ്യായം ഹര്‍ജികളെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്.

കേരള നിയമസഭ നിലവില്‍വന്ന 1957 മുതല്‍ നാളിതുവരെ ഇത്തരത്തില്‍ 20 ഹര്‍ജികളെ സഭയുടെ പരിഗണനയ്ക്ക് വന്നിട്ടുള്ളു. ഒടുവില്‍ വന്നത് 2013ല്‍. 1960ല്‍ അന്തരിച്ച മുന്‍ മന്ത്രി ബേബി ജോണ്‍ ആദ്യമായി ഒരു പൊതുജന ഹര്‍ജി തന്റെ ശുപാര്‍ശയോടെ സഭയുടെ ശ്രദ്ധയില്‍ എത്തിച്ചത്. ചവറയിലെ ഹോപ്കിന്‍സ് ആന്‍ഡ് വില്യംസ് കമ്പനിയുടെ അടച്ചുപൂട്ടലായിരുന്നു വിഷയം. 1967-69 കാലത്ത് പ്രതിപക്ഷ നേതാവായിരിക്കെ കെ.കരുണാകരന്‍ വെളുത്തുള്ളിക്കായലിലെ കയ്യേറ്റവും കശുവണ്ടി കമ്പനികളുടെ അടച്ചുപ്പൂട്ടലിനെത്തുടര്‍ന്ന് തൊഴില്‍രഹിതരായ തൊഴിലാളികള്‍ക്കായി കശുവണ്ടി കോര്‍പറേഷന്‍ തുടങ്ങണമെന്ന ആവശ്യവും അടങ്ങിയ ഹര്‍ജികള്‍ സഭയിലെത്തിച്ചു. പെറ്റീഷന്‍സ് കമ്മിറ്റിയില്‍ വലിയ ചര്‍ച്ചകളും നടന്നു. അടുത്തിടെ അന്തരിച്ച മാവേലിക്കരയില്‍ നിന്നുള്ള എംഎല്‍എയായിരുന്ന എം.മുരളിയുടെ പേരിലാണ് ഹര്‍ജികളിലെയും റെക്കോ‍ര്‍ഡ്. പൊതുജനങ്ങളില്‍ നിന്ന് വന്ന മൂന്നു ഹര്‍ജികള്‍ ശുപാര്‍ശ ചെയ്തത് എം.മുരളിയാണ്. 

ഫലപ്രദമായ തീരുമാനങ്ങള്‍ ഹര്‍ജികളിലൂടെ ഉണ്ടായിട്ടുണ്ട്. എന്നിട്ടും 20 ഹര്‍ജികളെ ഇതുവരെ പരിഗണനയ്ക്ക് വന്നിട്ടുള്ളുവെന്നതാണ് ആശ്ചര്യം. 

ENGLISH SUMMARY:

Kerala Assembly Citizen Participation initiative aims to allow the public to ask questions directly to the Assembly. This historic move, spearheaded by Speaker Thiruvanchoor Radhakrishnan, will make Kerala the first assembly in India to implement such a system for citizen queries.