മൈക്രോഫിനാന്‍സ് തട്ടിപ്പില്‍ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെ, ആത്മഹത്യ ചെയ്ത കെ.കെ.മഹേശനെ അധിക്ഷേപിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഒരുഗതിയും പരഗതിയും ഇല്ലാത്തവന്‍ എന്നാണ് മൈക്രോ ഫിനാന്‍സ് സംസ്ഥാന കോര്‍ഡിനേറ്ററായിരുന്ന മഹേശനെ വെള്ളാപ്പള്ളി വിശേഷിപ്പിച്ചത്. എസ്എന്‍ ട്രസ്റ്റ് താന്‍ ഇനിയും ഭരിക്കുമെന്നും ജന. സെക്രട്ടറി പറഞ്ഞു. പത്മഭൂഷണ്‍ പുരസ്കാരം ഏറ്റുവാങ്ങാന്‍ ഡല്‍ഹിയിലെത്തിയാണ് വെള്ളാപ്പള്ളി നടേശന്‍.
എസ്എന്‍ഡിപി ഡല്‍ഹി യൂണിയന്‍ സംഘടിപ്പിച്ച സ്വീകരണയോഗത്തിലാണ് എസ്എൻഡിപി യോഗം കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറിയും മൈക്രോ ഫിനാൻസ് പദ്ധതി സംസ്ഥാന കോ–ഓർഡിനേറ്ററുമായിരുന്ന കെ.കെ.മഹേശനെ വെള്ളാപ്പള്ളി അധിക്ഷേപിച്ചത്. മൈക്രോഫിനാന്‍സ് സാമ്പത്തിക തിരിമറിയില്‍ മനംനൊന്ത് യൂണിയന്‍ ഓഫിസില്‍ ജീവനൊടുക്കുകയായിരുന്നു മഹേശന്‍.
തന്നെ വേട്ടയാടുന്നത് സമുദായത്തിലെ കുലംകുത്തികള്‍. സിബിഐയടക്കം ആര് വിചാരിച്ചാലും തന്നെ തൊടാനാവില്ല. മഹേശന്‍റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെടുന്ന വി.എം.സുധീരനെയും വെള്ളാപ്പള്ളി കടന്നാക്രമിച്ചു. പത്മഭൂഷണ്‍ ഏറ്റുവാങ്ങുന്നതിന് മുൻപുള്ള ഗൂഢാലോചനയാണ് കുറ്റപത്രം സംബന്ധിച്ച വാര്‍ത്തകളെന്ന് തുഷാര്‍ വെള്ളാപ്പള്ളിയും അവകാശപ്പെട്ടു.
ചൊവ്വാഴ്ച രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ വെള്ളാപ്പള്ളി നടേശന്‍ രാജ്യത്തെ മൂന്നാമത്തെ വലിയ സിവിലിയന്‍ പുരസ്കാരമായ പത്മഭൂഷണ്‍ ഏറ്റുവാങ്ങും. വിദ്യാഭ്യാസരംഗത്തെ സംഭാവനകള്‍ക്കാണ് പുരസ്കാരം.