മുഖ്യമന്ത്രി വി.ഡി.സതീശന്‍ അഹങ്കാരിയെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. 'നേരിട്ട് കാണാന്‍ സമയം ചോദിച്ചിട്ട് അനുവദിച്ചില്ല. നിവേദനം നല്‍കാനാണ്  സമയം ചോദിച്ചത്. മുഖ്യമന്ത്രിയുടെ കാലുപിടിക്കേണ്ട ആവശ്യമില്ലെന്നും സുകുമാരന്‍ നായര്‍. എന്‍എസ്എസ് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് യോഗത്തിലാണ് പരാമര്‍ശം.

 

സുകുമാരന്‍ നായരെ , എൻ.എസ്.എസ് ജനറൽ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുത്തു. കാലാവധി അവസാനിച്ചതിനെ തുടർന്ന്, ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗമായിരുന്ന മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പുറത്തായി. പത്തനാപുരം എൻ.എസ്.എസ് താലൂക്ക് യൂണിയന്‍റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് നേതൃത്വവുമായി അകൽച്ചയിലായിരുന്നതാണ് ഗണേഷിന്‍റെ പുറത്താകലിന് കാരണം. ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ ഒഴിവുവന്ന 9 സ്ഥാനങ്ങളിലേക്കും തിരഞ്ഞെടുപ്പ് നടന്നു. എൻ.വി. അയ്യപ്പൻപിള്ളയെ ട്രഷററായി വീണ്ടും തിരഞ്ഞെടുത്തു. കാലാവധി തീർന്നതുകൊണ്ടാണ് ഗണേഷിനെ വീണ്ടും ബോർഡ് ഓഫ് ഡയറക്ടേഴ്സിലേക്ക് എടുക്കാത്തതെന്ന കാര്യം ജനറൽ സെക്രട്ടറി സുകുമാരൻ നായർ വ്യക്തമാക്കി. 

 

അദ്ദേഹത്തെ പുറത്താക്കിയതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വർഷങ്ങളായി ബോർഡിൽ സ്ഥാനം ലഭിക്കാത്ത പലരും നിലവിലുണ്ട്. അവർക്ക് അവസരം നൽകേണ്ടതുണ്ട്. പ്രവർത്തനത്തെ അടിസ്ഥാനമാക്കിയാണ് ആളുകളെ മാറ്റുന്നത്. ഏതെങ്കിലും പരാതിയുണ്ടെങ്കിൽ ഗണേഷിന് നിയമനടപടികൾ സ്വീകരിക്കാമെന്നും സുകുമാരൻ നായർ പറഞ്ഞു. മരിക്കുന്നതുവരെ ഒരു സ്ഥാനത്ത് തുടരാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് ഗണേഷ് കുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു. അംഗത്വം പുതുക്കാത്തതിൽ തനിക്ക് പ്രശ്നങ്ങളില്ലെന്നും, എന്നാൽ അംഗത്വം പുതുക്കാൻ ആവശ്യപ്പെട്ടിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

 

എൻ.എസ്.എസിൽ അംഗത്വം നേടിയത് സ്ഥാനമാനങ്ങൾക്ക് വേണ്ടിയല്ലെന്നും, ജനറൽ സെക്രട്ടറിയെ താൻ പിന്തുണയ്ക്കുന്നതായും ഗണേഷ് പറഞ്ഞു. ജനങ്ങൾക്കൊപ്പവും എൻ.എസ്.എസിനൊപ്പവും താനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പത്തനാപുരത്ത് എൻ.എസ്.എസിൽ നടന്ന കാര്യങ്ങളിൽ തനിക്ക് അഭിപ്രായവ്യത്യാസമുണ്ടെന്നും, അത് നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും ഗണേഷ് പറഞ്ഞു. എൻ.എസ്.എസിനെ സംബന്ധിച്ച് തീരുമാനങ്ങൾ എടുക്കാൻ ജനറൽ സെക്രട്ടറിക്ക് അധികാരമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ENGLISH SUMMARY:

NSS General Secretary G. Sukumaran Nair has criticised Kerala Chief Minister VD Satheesan, calling him arrogant after allegedly being denied an appointment to submit a memorandum. Meanwhile, former minister K.B. Ganesh Kumar has been left out of the NSS Board of Directors following the completion of his term. Sukumaran Nair clarified that Ganesh Kumar was not removed but was not reappointed, while Ganesh stated that he remains supportive of the NSS leadership despite differences over certain organisational matters.