സാമൂഹികക്ഷേമ പെൻഷൻ വിതരണത്തിൽ നിന്ന് സഹകരണ ബാങ്കുകളെ ഒഴിവാക്കാൻ ധനവകുപ്പിന്റെ തീരുമാനം. ഇനി മുതൽ പെൻഷൻ തുക ആധാർ ബന്ധിത ബാങ്ക് അക്കൗണ്ടുകൾ വഴി മാത്രമായിരിക്കും വിതരണം ചെയ്യുക. ഇതുസംബന്ധിച്ച ഉത്തരവിന് ധനവകുപ്പ് തത്വത്തിൽ അംഗീകാരം നൽകി.

മുൻ സർക്കാരിന്റെ കാലത്താണ് സഹകരണ ബാങ്കുകളും പ്രാഥമിക സഹകരണ സംഘങ്ങളും വഴി നേരിട്ട് സാമൂഹികക്ഷേമ പെൻഷൻ വീടുകളിൽ എത്തിക്കുന്ന രീതി നിലവിൽ വന്നത്. എന്നാൽ, വിതരണം ചെയ്യാത്ത പെൻഷന്റെ തിരിച്ചടവ് ഡാറ്റ എൻട്രി കൃത്യമായി നടത്താത്തത് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ സർക്കാർ കണ്ടെത്തിയിരുന്നു.

കൂടാതെ, കേന്ദ്ര സർക്കാരിന്റെ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ സംസ്ഥാനത്തിന് അർഹമായ സാമ്പത്തിക സഹായം ലഭിക്കാതെ വരുന്ന സാഹചര്യം കൂടിയുള്ളതുകൊണ്ടാണ് ഈ നിർണായക തീരുമാനം.

അതേസമയം, കിടപ്പുരോഗികൾക്കും ഗുരുതരമായ പരിമിതികൾ നേരിടുന്നവർക്കും ബാങ്ക് വഴിയുള്ള വിതരണത്തിൽ നിന്ന് ഇളവ് അനുവദിച്ചിട്ടുണ്ട്. ഇവർക്ക് തുക നേരിട്ട് വീടുകളിൽ എത്തിച്ചുനൽകുന്നതിനുള്ള പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് ധനവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

ENGLISH SUMMARY:

The Finance Department of Kerala has decided to exclude cooperative banks from the distribution of social welfare pensions across the state. Moving forward, pension amounts will be disbursed exclusively through Aadhaar-seeded bank accounts to align with central guidelines and resolve data entry discrepancies. While this shift aims to streamline financial transactions, bedridden individuals and those facing severe physical limitations are exempted from the bank requirement. Special arrangements will be made to continue delivering cash directly to the doorsteps of these exempted beneficiaries.