വീര്യം കുറഞ്ഞ മദ്യത്തിന് സംസ്ഥാന ബജറ്റിൽ നികുതി നിശ്ചയിച്ചതിനെ ചൊല്ലി സർക്കാരിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച് പ്രതിപക്ഷം രംഗത്ത്. നികുതി പ്രഖ്യാപനം കർണാടക ആസ്ഥാനമായ മദ്യലോബികൾക്ക് വേണ്ടിയാണെന്ന ആരോപണവുമായി പ്രതിപക്ഷം സർക്കാരിനെതിരെ കടുത്ത വിമർശനം ഉയർത്തി.

അതേസമയം, നികുതി നിശ്ചയിച്ചത് മുൻ സർക്കാരിന്റെ തീരുമാനപ്രകാരമാണെന്നും വീര്യം കുറഞ്ഞ മദ്യം സംസ്ഥാനത്ത് വിൽക്കണമോയെന്ന കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും എക്സൈസ് മന്ത്രി എം. ലിജു വ്യക്തമാക്കി. മനോരമ ന്യൂസിനോടായിരുന്നു മന്ത്രിയുടെ പ്രതികരണം.

വീര്യം കുറഞ്ഞ മദ്യം കേരളത്തിൽ അനുവദിക്കുന്നതിനുള്ള നീക്കങ്ങൾ 2010-ൽ വി. എസ് അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് ആരംഭിച്ചെങ്കിലും, നയപരമായ വ്യക്തത വന്നത് 2023-ലെ മദ്യനയത്തിലൂടെയാണെന്നാണ് സർക്കാർ വിശദീകരണം. എന്നാൽ, കുറഞ്ഞ നികുതി വേണമെന്ന മദ്യക്കമ്പനികളുടെ ആവശ്യത്തെ തുടർന്നുണ്ടായ ചർച്ചകൾ കാരണം നടപടികൾ നീണ്ടുപോയിരുന്നു.

മുൻ എക്സൈസ് മന്ത്രി എം. ബി രാജേഷ്, പുതിയ നികുതി പ്രഖ്യാപനം ചില മദ്യക്കമ്പനികൾക്ക് അനുകൂലമായ തീരുമാനമാണെന്ന് ആരോപിച്ചു. മദ്യം കൂടുതൽ സുലഭമാകുമെന്ന ആശങ്ക മുൻനിർത്തിയാണ് കമ്പനികൾ ആവശ്യപ്പെട്ട കുറഞ്ഞ നികുതി അംഗീകരിക്കാതിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിന് മറുപടിയായി, നികുതി നിശ്ചയിച്ചത് മുൻ സർക്കാർ സ്വീകരിച്ച നയത്തിന്റെ തുടർച്ച മാത്രമാണെന്ന് മന്ത്രി എം. ലിജു പറഞ്ഞു. അഴിമതി ആരോപണം ഉന്നയിക്കുന്നവർക്ക്, അത്തരം ആരോപണങ്ങളുടെ തുടക്കം മുൻ സർക്കാരിന്റെ കാലത്തേയ്ക്കാണ് ചൂണ്ടിക്കാണിക്കേണ്ടതെന്നും മന്ത്രി തിരിച്ചടിച്ചു.

വീര്യം കുറഞ്ഞ മദ്യം യുവാക്കളെയും കുട്ടികളെയും മദ്യാസക്തിയിലേയ്ക്ക് നയിക്കുമെന്ന എം. ബി രാജേഷിന്റെ വിമർശനത്തിനും മന്ത്രി മറുപടി നൽകി. നികുതി നിരക്ക് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഉൽപ്പന്നത്തിന്റെ വിപണനത്തെക്കുറിച്ച് സർക്കാർ ഇതുവരെ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്നും അദ്ദേഹം ആവർത്തിച്ചു.

വീര്യം കുറഞ്ഞ മദ്യത്തിന് 80 ശതമാനം നികുതി മാത്രം ഈടാക്കണമെന്ന ഒരു പ്രമുഖ മദ്യക്കമ്പനിയുടെ അപേക്ഷ എൽ.ഡി.എഫ്. സർക്കാർ പരിഗണിച്ചിരുന്നതും അന്ന് വിവാദമായതോടെ നികുതി നിശ്ചയിക്കാനുള്ള നീക്കം മുടങ്ങുകയായിരുന്നു. 

ENGLISH SUMMARY:

Malayala Manorama Online News reports that the opposition in Kerala has accused the state government of corruption regarding the newly proposed low-alcohol liquor tax in the budget. Excise Minister M. Liju defended the move by stating that the tax rate was conceptualized under the previous administration and that no final decision has been made on its sale.