വീര്യം കുറഞ്ഞ മദ്യം വിദ്യാര്‍ഥികള്‍ക്കിടയില്‍ വ്യാപകമാകുമെന്ന എക്സൈസ് കമ്മിഷണറുടെ റിപ്പോര്‍ട്ട് അവഗണിച്ച് ബക്കാഡിക്കായി തുടര്‍നടപടി നിര്‍ദേശിച്ചത് മന്ത്രിയായിരുന്ന ടി.പി.രാമകൃഷ്ണന്‍. എക്സൈസ് കമ്മിഷണറായിരുന്ന ഋഷിരാജ് സിങിന്‍റെ മുന്നറിയിപ്പ് നികുതി വകുപ്പ് ജോയിന്‍റ് സെക്രട്ടറിയുടെ അനുകൂല കുറിപ്പിലൂടെയാണ് മറികടന്നത്. നിയമസഭാ സബ്ജക്റ്റ് കമ്മിറ്റിയുടെ അംഗീകാരം വരെ നേടിയെടുക്കാന്‍ അതിവേഗ നടപടികളുണ്ടായി. 

വീര്യം കുറഞ്ഞ മദ്യം വിദ്യാര്‍ഥികള്‍ക്കിടയില്‍ വ്യാപകമാവും. കാലക്രമേണ വീര്യം കൂടിയ മദ്യം ഉപയോഗിക്കുന്നതിനുള്ള ചവിട്ട് പടിയാവും. ഏത് സാഹചര്യത്തിലാണെങ്കിലും പുനര്‍ചിന്തനത്തിന്‍റെ ആവശ്യമില്ല. എക്സൈസ് കമ്മിഷണറായിരുന്ന ആര്‍.ഋഷിരാജ് സിങ് വരും വരായ്കകള്‍ വ്യക്തമാക്കി മന്ത്രി ടി.പി.രാമകൃഷ്ണന് നല്‍കിയ കത്ത്. ബക്കാഡിയുടെ പക്കാ ഇടപാട് നിലനില്‍ക്കുന്നതിനാല്‍ നികുതിവകുപ്പ് ജോയിന്‍റ് സെക്രട്ടറിയെക്കൊണ്ട് സര്‍ക്കാരിന് ഗുണമുള്ളതാണെന്ന് രേഖയാക്കി. 

യാതൊരു പ്രതിസന്ധിയുമുണ്ടാവില്ല. വീര്യം കുറഞ്ഞ മദ്യത്തിന്‍റെ ലഭ്യത പ്രോത്സാഹിപ്പിക്കണമെന്ന് എ.പി ഉദയഭാനു കമ്മിഷന്‍, ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തിട്ടുള്ളതാണ്. വില്‍പന ബെവ്കോ മുഖേന ആയതിനാല്‍ നിശ്ചിത പ്രായപരിധിക്ക് മുകളിലുള്ളവര്‍ക്ക് മാത്രമെ ലഭിക്കൂ എന്നത് ഉറപ്പ് വരുത്താവുന്നതാണ്. ഇത്തരം മദ്യം ജനങ്ങള്‍ക്കിടയില്‍, പ്രത്യേകിച്ച് വിദ്യാര്‍ഥികള്‍ക്കിടയില്‍ വ്യാപകമാകുമോ എന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ലാത്തതാണ്. വീര്യമുള്ള മദ്യത്തെപോലെ ആരോഗ്യത്തെ കൂടുതല്‍ ഹാനികരമായി ബാധിക്കുമെന്നും കാണുന്നില്ല. ടൂറിസം, ഐ.ടി മേഖലകളില്‍ ഉണര്‍വുണ്ടാക്കുന്നതിനും സഹായകരമാണ്. നികുതി വകുപ്പിന്‍റെ സൂചനക്കത്ത് ടി.പി.രാമകൃഷ്ണനിലൂടെ, എം.വി ഗോവിന്ദനിലൂടെ നിയമസഭാ സബ്ജക്റ്റ് കമ്മിറ്റിയില്‍ വരെയെത്തി അംഗീകാരം നേടി. 

ഒന്നാം പിണറായി സര്‍ക്കാരിലും, രണ്ടാം പിണറായി സര്‍ക്കാരിലും ബക്കാഡിക്കായി വേഗത കൂട്ടിയുള്ള ഇടപെടലിന് സര്‍ക്കാര്‍ തലത്തില്‍ തന്നെ സ്വീകാര്യത ലഭിച്ചുവെന്ന് ചുരുക്കം. നികുതിഘടന നിശ്ചയിക്കാത്തതിലും മദ്യനയം നടപ്പാക്കുന്നതിലെ അപകടവും കണക്കിലെടുത്ത് സര്‍ക്കാര്‍ പിന്നോട്ട് മാറിയതിനാല്‍ വീര്യം കുറഞ്ഞ മദ്യ വില്‍പനയ്ക്ക് ബക്കാഡിക്കായി അനുകൂല തീരുമാനമുണ്ടായില്ല. 

ENGLISH SUMMARY:

Former Excise Minister T.P. Ramakrishnan reportedly ignored a warning from then-Excise Commissioner Rishiraj Singh regarding the promotion of low-alcohol beverages by Bacardi. Singh had cautioned that such drinks could become widespread among students and act as a stepping stone to stronger alcohol. However, the Tax Department's Joint Secretary countered this by stating that low-alcohol options were recommended by commissions to boost the tourism and IT sectors. The official note also minimized health and addiction concerns by highlighting that sales through Bevco would strictly enforce age restrictions. Backed by approvals that progressed through ministers T.P. Ramakrishnan and M.V. Govindan, the proposal even secured the nod of the Legislative Subject Committee. Despite swift government interventions during both Pinarayi Vijayan terms, the plan was ultimately stalled due to unresolved tax structures and inherent policy risks.