health-dep

പകർച്ചവ്യാധികൾ പടർന്നു പിടിക്കുന്നതിനിടെ ആരോഗ്യ വകുപ്പ് ആസ്‌ഥാനത്ത് കസേരകളി. അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവുമായെത്തിയ ഡോ. കെ.ജെ.റീനയെ ഡി.എച്ച്.എസ് കസേരയിലിരിക്കാൻ താല്കാലിക ചുമതലയുള്ള ഡോ. വി.മീനാക്ഷി അനുവദിച്ചില്ല. ഡോക്ടർ റീനയ്ക്ക് അനുകൂലമായ അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ വിധിക്കെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിക്കും. 

രാവിലെ 10 മണിയോടെ ഡോ കെ ജെ റീന ആരോഗ്യ വകുപ്പ് ആസ്‌ഥാനത്തെത്തി. ഡിഎച്ച്എസ് ഓഫീസിലേക്ക് എത്തി അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവ് കൈമാറി. 

ആരോഗ്യ വകുപ്പ് ഡയറക്ടറുടെ മുറിയിലേക്ക് കയറിയപ്പോൾ അവിടെ കസേരയിൽ ഡോ വി. മീനാക്ഷി ഇരിക്കുന്നു. ട്രൈബ്യൂണൽ ഉത്തരവ്  ഉണ്ടെന്ന് ഡോക്ടർ റീന അറിയിച്ചെങ്കിലും മാറാൻ ഡോക്ടർ മീനാക്ഷി തയ്യാറായില്ല. സർക്കാർ നിർദേശം അനുസരിച്ചാണ് താൻ ഡി എച്ച് എസ് കസേരയിൽ തുടരുന്നത് എന്നായിരുന്നു മീനാക്ഷിയുടെ മറുപടി. തുടർന്ന് സമീപത്തെ കസേരയിൽ ഡോ റീനയും ഇരിപ്പുറപ്പിച്ചു. 

സ്ഥലംമാറ്റം സ്റ്റേ ചെയ്ത ട്രൈബ്യൂണൽ ഉത്തരവ് അനുസരിച്ച് ഡോ. റീനയ്ക്ക് രണ്ടാഴ്ച കൂടി തുടരാമെന്ന് ഇരിക്കെയാണ് ഉന്നത നിർദേശത്തേത്തുടർന്നുള്ള ഈ കസേര കളി. വ്യാജ ആരോപണങ്ങൾ ഉയർത്തി സ്ഥലംമാറ്റിയെന്ന ഡോക്ടർ റീനയുടെ വാദം അംഗീകരിച്ചാണ് സ്ഥലംമാറ്റ ഉത്തരവ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സ്‌റ്റേ ചെയ്തത്. 

ENGLISH SUMMARY:

Malayala Manorama Online News reports on a power struggle within the Kerala health department amidst rising infectious diseases. The article details how Dr. V. Meenakshi, the temporary in-charge, refused to yield the DHS chair to Dr. K.J. Reena, despite an Administrative Tribunal order. The government is set to challenge this tribunal order in the High Court.