uae

കുട്ടികളുടെ ഓൺലൈൻ സുരക്ഷ ഉറപ്പാക്കുന്നതിനായി സമൂഹമാധ്യമങ്ങളുടെ ഉപയോഗത്തിൽ കടുത്ത നിയന്ത്രണങ്ങളുമായി യുഎഇ. പതിനഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നത് പൂർണമായും നിരോധിച്ചുകൊണ്ട് യുഎഇ മന്ത്രിസഭ ഉത്തരവ് പുറപ്പെടുവിച്ചു. സുരക്ഷിതമായ ഡിജിറ്റൽ അന്തരീക്ഷം ഒരുക്കുന്നതിനൊപ്പം കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നിയമം നടപ്പാക്കുന്നത്.

പുതിയ നിയമപ്രകാരം 15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ സ്വന്തമായി അക്കൗണ്ടുകൾ ഉണ്ടാക്കാനോ അവയുടെ ഫീച്ചറുകൾ ഉപയോഗിക്കാനോ അനുവാദമുണ്ടാകില്ല. അതേസമയം 15 മുതൽ 16 വയസ്സുവരെയുള്ള കൗമാരക്കാർക്ക് കർശനമായ നിയന്ത്രണങ്ങളോടും രക്ഷിതാക്കളുടെ മേൽനോട്ടത്തോടും കൂടി മാത്രമേ ഇനിമുതൽ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കാൻ അനുമതി ലഭിക്കൂ. ഇവരുടെ അക്കൗണ്ടുകളിൽ പ്രായത്തിനനുസരിച്ചുള്ള ഉള്ളടക്കങ്ങൾ മാത്രം പ്രദർശിപ്പിക്കാനും ഉപയോഗ സമയം പരിമിതപ്പെടുത്താനും സോഷ്യൽ മീഡിയ കമ്പനികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. രക്ഷിതാക്കളുടെ പ്രത്യേക അനുമതിയുണ്ടെങ്കിൽ പോലും ഈ പ്രായപരിധി നിയമങ്ങളിൽ നിന്ന് ആർക്കും യാതൊരുവിധ ഇളവും അനുവദിക്കില്ലെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. പുതിയ സാങ്കേതിക മാറ്റങ്ങൾ നടപ്പിലാക്കുന്നതിനായി സോഷ്യൽ മീഡിയ കമ്പനികൾക്ക് 12 മാസം വരെ സമയമാണ്  സർക്കാർ അനുവദിച്ചിരിക്കുന്നത്. 

ഈ കാലയളവിനുള്ളിൽ കൃത്യമായ പ്രായപരിശോധനാ സംവിധാനങ്ങൾ ഏർപ്പെടുത്താനും നിയമം ലംഘിക്കുന്ന അക്കൗണ്ടുകൾക്കെതിരെ ഉടനടി നടപടിയെടുക്കാനും കമ്പനികൾ ബാധ്യസ്ഥരാണ്. കുട്ടികളിലെ ഉത്കണ്ഠയും പഠനവൈകല്യങ്ങളും ഒഴിവാക്കാൻ സഹായിക്കുന്ന ഈ നിയമം വഴി കുട്ടികളുടെ ഓൺലൈൻ ഇടപെടലുകൾ നിരീക്ഷിക്കാനുള്ള ചുമതല ഇനി രക്ഷിതാക്കൾക്കായിരിക്കും. ബ്രിട്ടൻ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളുടെ മാതൃക പിന്തുടർന്നാണ് യുഎഇയും കുട്ടികൾക്കായി സോഷ്യൽ മീഡിയ നിയന്ത്രണങ്ങൾ ഇപ്പോൾ കടുപ്പിച്ചിരിക്കുന്നത്.

ENGLISH SUMMARY:

UAE social media ban for kids aims to protect children's mental health and create a safer digital environment by implementing strict regulations on social media platforms. This new law prohibits children under 15 from using social media and imposes significant restrictions on those aged 15-16, with no exceptions even for parental consent.