ed

അവയവക്കടത്ത് കേസുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടുകൾ അന്വേഷിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ അഞ്ച് പ്രമുഖ സ്വകാര്യ ആശുപത്രികളിലും കേസിലെ മുഖ്യപ്രതികളുടെ വീടുകളിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഒരേസമയം റെയ്ഡ് നടത്തി. ഇന്ന് രാവിലെ ആറുമണിയോടെയാണ് വിവിധ കേന്ദ്രങ്ങളിൽ പരിശോധന ആരംഭിച്ചത്.

അവയവദാനവുമായി ബന്ധപ്പെട്ട ഓരോ ഘട്ടത്തിലും സ്വകാര്യ ആശുപത്രികളിൽ നിന്ന് റാക്കറ്റിന് വൻതോതിൽ കമ്മീഷൻ ലഭിച്ചെന്നാണ് ഇ.ഡിയുടെ പ്രാഥമിക കണ്ടെത്തൽ. അവയവദാതാക്കളെയും സ്വീകർത്താക്കളെയും ആശുപത്രികളിലെ പരിശോധനകൾക്കായി എത്തിക്കുന്നതടക്കമുള്ള നടപടികൾക്കുപോലും ഇടനിലക്കാർക്ക് കമ്മീഷൻ നൽകിയതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

ഇതിന്റെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട ആശുപത്രികളുടെ ബാങ്ക് അക്കൗണ്ടുകളും സാമ്പത്തിക ഇടപാടുകളും കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം നടത്താനാണ് ഇ.ഡി നീക്കം. വൻതോതിൽ കള്ളപ്പണ ഇടപാടുകളും കോടിക്കണക്കിന് രൂപയുടെ കമ്മീഷൻ കൈമാറ്റവും നടന്നതായി സൂചന ലഭിച്ചതിനെ തുടർന്നാണ് നിർണായക പരിശോധന.

കേസിലെ മുഖ്യപ്രതികളിലൊരാളായ കോട്ടയം വാഴൂർ പുളിക്കൽക്കവല സ്വദേശിനി മായയുടെ വീട്ടിലും ഇ.ഡി പരിശോധന നടത്തി. അതേസമയം, കേസിന്റെ മുഖ്യസൂത്രധാരനായി കരുതപ്പെടുന്ന മുഹമ്മദ് നജീബിന്റെ കാസർകോട് മേൽപ്പറമ്പിലെ ‘അൽ-നിയാമത്ത് മൻസിൽ’ വസതിയിലും ഉദ്യോഗസ്ഥർ വിശദ പരിശോധന നടത്തി.

നജീബിന്റെ കമ്പ്യൂട്ടർ സെന്റർ വഴിയാണ് അവയവക്കടത്തിന് ആവശ്യമായ വ്യാജരേഖകൾ തയ്യാറാക്കിയതെന്ന് അന്വേഷണ ഏജൻസികൾ നേരത്തെ കണ്ടെത്തിയിരുന്നു. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ എന്നിവ ഉൾപ്പെടെ പതിമൂന്നോളം കേസുകളിൽ പ്രതിയായ നജീബും സംഘവും അവയവക്കച്ചവടത്തിലൂടെ വൻതോതിൽ കള്ളപ്പണം സമ്പാദിച്ചതായാണ് ഇ.ഡിയുടെ സംശയം.

കൊല്ലം ആയത്തിൽ സ്വദേശിനിയും കേസിലെ ഏജന്റുമായ ശ്രീജയുടെ വീട്ടിലും പരിശോധന നടന്നു. വ്യാജരേഖ ചമച്ച കേസിൽ നിലവിൽ ജാമ്യത്തിലിരിക്കുന്ന ശ്രീജയെ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു. എന്നാൽ മറ്റൊരു ഏജന്റായ സുധീറിന്റെ വീട് അടഞ്ഞുകിടന്നതിനാൽ അവിടെ പരിശോധന നടത്താൻ സാധിച്ചില്ല.

അന്വേഷണത്തിന്റെ ഭാഗമായി കൂടുതൽ തെളിവുകൾ ശേഖരിക്കുന്ന ഇ.ഡി, വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉൾപ്പെടെയുള്ള ശക്തമായ നടപടികളിലേയ്ക്ക് കടക്കുമെന്നാണ് സൂചന.

ENGLISH SUMMARY:

ED raids were conducted simultaneously in five prominent private hospitals and the homes of key accused in an organ trafficking case as part of a money laundering probe. This investigation aims to uncover significant black money transactions and commission exchanges related to illegal organ trade.