t-veena-ed-questioned-cmrl-exalogic

സിഎംആർഎൽ -എക്സാലോജിക് ദുരൂഹ ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ ടി.വീണയെ ഇഡി ചോദ്യം ചെയ്തു. രാവിലെ പതിനൊന്നുമണിക്ക് ആരംഭിച്ച ചോദ്യം ചെയ്യൽ വൈകീട്ട് ഏഴര വരെ നീണ്ടു. സിഎംആർഎല്ലുമായുള്ള സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടെയുള്ള കാര്യങ്ങളാണ് വീണയോട് ഇഡി ചോദിച്ചത്. രാവിലെ പത്തരയോടെ ഭർത്താവ് മുഹമ്മദ് റിയാസ് എംഎൽഎയ്ക്കൊപ്പമാണ് ടി.വീണ കൊച്ചിയിലെ ഇ.ഡി ഓഫീസിലേക്കെത്തിയത്. ഇഡി ഓഫീസിന്റെ ഗേറ്റിനുമുന്നിൽ കാർ നിർത്തി വീണ ഒറ്റയ്ക്ക് അകത്തേക്ക് കയറിപ്പോയി. 

11 മണിയോടെ ഇഡി ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യൽ ആരംഭിച്ചു. നൽകാത്ത സേവനത്തിന് CMRL- കമ്പനി വീണക്കും, എക്‌സലോജിക് കമ്പനിക്കും 2.78 കോടി രൂപ നൽകിയെന്നാണ് വിവിധ അന്വേഷണ ഏജൻസികൾ കണ്ടെത്തിയത്. ഇക്കാര്യത്തിൽ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്നാണ് ഇഡി പരിശോധിക്കുന്നത്. 

മേയ് 27ന് നടത്തിയ റെയ്ഡിൽ വീണയുടെ ബാങ്ക് അക്കൗണ്ട് രേഖകളും, മൊബൈൽ ഫോണും ഇഡി കസ്റ്റഡിയിൽ എടുത്തിരുന്നു. ഇവക്കൊപ്പം, ആദായനികുതി വകുപ്പ് ഇൻ്ററിം സെറ്റിൽമെൻ്റ് ബോർഡിന്റെ റിപ്പോർട്ട്, SFIO അന്വേഷണ റിപ്പോർട്ട് എന്നിവയെ അടിസ്ഥാനമാക്കി വിശദമായ ചോദ്യാവലിയാണ് ഇ.ഡി തയ്യാറാക്കിയിരുന്നത്. എട്ടര മണിക്കൂർ ചോദ്യംചെയ്യലിനുശേഷം വൈകിട്ട് ഏഴേമുക്കാലിന് വീണ പുറത്തിറങ്ങി. മാധ്യമങ്ങളോട് പ്രതികരിക്കാതെ നേരെ വാഹനത്തിലേക്ക്

ഈമാസം 12ന് കൊച്ചി ഓഫിസിൽ ചോദ്യംചെയ്യലിന് ഹാജരാകാൻ ഇ.ഡി വീണയ്ക്ക് നേരത്തെ നോട്ടിസ് അയച്ചിരുന്നു. ആരോഗ്യപ്രശ്നങ്ങൾ അറിയിച്ചതിനെ തുടർന്നാണ് ഇന്ന് ഹാജരാകാൻ നിർദേശിച്ചത്. വീണയുടെ മറുപടി വിശദമായി പരിശോധിച്ച ശേഷമായിരിക്കും ഇ.ഡി തുടർനടപടികളിലേക്ക് കടക്കുക. വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കണോ എന്നതിലടക്കം ഇഡി ഉടൻ തീരുമാനമെടുക്കും.

ENGLISH SUMMARY:

T. Veena, daughter of former Chief Minister Pinarayi Vijayan, was questioned by the Enforcement Directorate (ED) for 8.5 hours in connection with the CMRL-Exalogic financial dealings. The ED is investigating potential money laundering in transactions where Veena and her company allegedly received ₹2.78 crore from CMRL for services not rendered.