നടൻ ടിനിടോമിനെതിരായ അൻസിബ ഹസന്റെ പരാതിയില്‍ കൊച്ചി കടവന്ത്ര പൊലീസ് ശ്വേതാ മേനോന്റെ മൊഴിയെടുത്തു. ടിനി ടോം വർഗീയ അധിക്ഷേപം നടത്തിയതിനെക്കുറിച്ച് അറിയില്ലെന്ന് ‘അമ്മ’ പ്രസിഡന്റ് ശ്വേതയുടെ മൊഴി. അൻസിബ മതം മാറ്റാൻ ശ്രമിച്ചെന്ന് ടിനി പറഞ്ഞത് ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും ശ്വേത മൊഴി നല്‍കി.
ടിനിടോം പറഞ്ഞ കാര്യങ്ങളെക്കുറിച്ച് വിവരമില്ലെന്നാണ് സംഘടനയുടെ മറ്റൊരു ഭാരവാഹിയും മുൻപ് മൊഴി നൽകിയത്. മതംമാറ്റ ആരോപണത്തിന് ഇരയായതായി പറയപ്പെടുന്ന യുവാവും ഈ ആരോപണം നിഷേധിച്ചിട്ടുണ്ട്. താരസംഘടനയിലെ ആഭ്യന്തര പടലപ്പിണക്കങ്ങളുടെ ഭാഗമാണ് ഈ ആരോപണമെന്നാണ് സൂചനയെങ്കിലും പൊലീസ് അന്വേഷണം തുടരുകയാണ്. ഈ ആഴ്ച തന്നെ ഇതിൽ പൊലീസ് റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് വിവരം.