സംസ്ഥാനത്തെ സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കാൻ സർക്കാർ നേരിട്ട് ഇടപെടണമെന്നാവശ്യപ്പെട്ട് ഉപാധികളുമായി സ്വകാര്യ ബസുടമകൾ രംഗത്ത്. തൃശ്ശൂരിൽ ചേർന്ന 8,000-ത്തിലധികം ബസുകളെ പ്രതിനിധീകരിക്കുന്ന ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്റെ യോഗത്തിന് ശേഷമാണ് സർക്കാരിന് മുന്നിൽ വിവിധ നിർദേശങ്ങൾ മുന്നോട്ടുവെച്ചത്.
സ്വകാര്യ ബസുകളുടെ പ്രതിദിന കളക്ഷൻ മുഴുവൻ സർക്കാരിന് കൈമാറാൻ തയ്യാറാണെന്ന് ബസുടമകൾ അറിയിച്ചു. പകരമായി, ഓടുന്ന ഓരോ കിലോമീറ്ററിനും 55 രൂപ വീതം സർക്കാർ നൽകണമെന്നാണ് പ്രധാന ആവശ്യം. ഈ മാതൃകയിൽ പ്രതിദിനം 250 കിലോമീറ്റർ സർവീസ് നടത്തുന്ന ഒരു ബസിന് ഏകദേശം 12,000 രൂപ സർക്കാർ നൽകേണ്ടിവരുമെന്നാണ് കണക്ക്.
കണ്ടക്ടർമാരെ സർക്കാർ നിയമിക്കാമെന്നും ഡ്രൈവർമാരെ ബസുടമകൾ തന്നെ നിയമിക്കുമെന്നും ഫെഡറേഷൻ നിർദേശിച്ചു. അതേസമയം, റോഡ് നികുതി, ഇൻഷുറൻസ്, വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾ എന്നിവയുടെ ചെലവ് ബസുടമകൾ വഹിക്കുമെന്നും വ്യക്തമാക്കി.
സ്ത്രീകൾക്കായി സൗജന്യ യാത്രാ പദ്ധതി നടപ്പാക്കുന്നതിൽ എതിർപ്പില്ലെന്നും, എന്നാൽ അതിന്റെ ചെലവ് സർക്കാർ വഹിക്കണമെന്നും ബസുടമകൾ ആവശ്യപ്പെട്ടു. കൂടാതെ, ഓരോ ബസും പ്രതിദിനം ഉപയോഗിക്കുന്ന ഡീസലിന്റെ ചെലവിന്റെ പകുതി സർക്കാർ സബ്സിഡിയായി നൽകണമെന്നും അവർ ആവശ്യപ്പെട്ടു.
റോഡ് നികുതി പൂർണമായും ഒഴിവാക്കുക എന്നതും ഫെഡറേഷൻ മുന്നോട്ടുവെച്ച മറ്റൊരു പ്രധാന ആവശ്യമാണ്. സ്വകാര്യ ബസ് മേഖലയിലെ സാമ്പത്തിക പ്രതിസന്ധിയും വർധിച്ചുവരുന്ന പ്രവർത്തനച്ചെലവും കണക്കിലെടുത്താണ് ഇത്തരം നിർദേശങ്ങൾ മുന്നോട്ടുവെച്ചതെന്നാണ് ബസുടമകളുടെ വിശദീകരണം.