വെള്ളിയാഴ്ച അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റിനെ വലിയ പ്രതീക്ഷയോടെയാണ് സർക്കാർ ജീവനക്കാരും പെൻഷൻകാരും കാത്തിരിക്കുന്നത്. ജനുവരി മാസം മുതൽ നൽകേണ്ടിയിരുന്ന രണ്ട് ശതമാനം ക്ഷാമബത്ത (ഡി.എ) മുൻകാല പ്രാബല്യത്തോടെ അനുവദിക്കുന്നതടക്കമുള്ള പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകുമെന്നാണ് സൂചന.

കഴിഞ്ഞ സർക്കാർ ഡി.എ വർധന മുൻകാല പ്രാബല്യമില്ലാതെയാണ് അനുവദിച്ചിരുന്നത്. ഇതിനെതിരെ ജീവനക്കാരുടെ സംഘടനകളിൽ നിന്ന് ശക്തമായ പ്രതിഷേധമുയർന്നിരുന്നു. ഈ സാഹചര്യത്തിൽ ജനുവരി മുതൽ പ്രാബല്യത്തോടെ ഡി.എ അനുവദിക്കുന്നതിനൊപ്പം, മുൻകാലങ്ങളിൽ കുടിശികയായി വന്ന തുക ഘട്ടംഘട്ടമായി വിതരണം ചെയ്യുമെന്ന പ്രഖ്യാപനവും ബജറ്റിൽ പ്രതീക്ഷിക്കപ്പെടുന്നു.

പങ്കാളിത്ത പെൻഷൻ പദ്ധതിക്ക് ബദലായി മുൻ സർക്കാർ പ്രഖ്യാപിച്ചിരുന്ന അഷ്വേർഡ് പെൻഷൻ സ്‌കീം പുതിയ സർക്കാർ ഉപേക്ഷിക്കാനാണ് സാധ്യത. അതിന് പകരമായി പങ്കാളിത്ത പെൻഷൻ പദ്ധതിയിലെ സർക്കാർ വിഹിതം നിലവിലെ 10 ശതമാനത്തിൽ നിന്ന് 14 ശതമാനമായി ഉയർത്തണമെന്ന സർവീസ് സംഘടനകളുടെ ആവശ്യം അംഗീകരിക്കുമെന്നാണ് സൂചന.

പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ ഉൾപ്പെട്ട ജീവനക്കാർക്ക് ഡെത്ത് കം റിട്ടയർമെന്റ് ഗ്രാറ്റുവിറ്റി (ഡി.സി.ആർ.ജി) ആനുകൂല്യം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനവും ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷ.

സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി പെൻഷൻ പ്രായം കേന്ദ്രസർക്കാർ ജീവനക്കാരുടേതിന് സമാനമായി ഉയർത്തണമെന്ന ശുപാർശ ധവളപത്രത്തിൽ ഉൾപ്പെട്ടിരുന്നുവെങ്കിലും, യുവജന പ്രതിഷേധത്തിന് സാധ്യതയുള്ളതിനാൽ ഈ നിർദേശം നിലവിൽ പരിഗണനയിലില്ലെന്നാണ് വിവരം.

അതേസമയം, ശമ്പളപരിഷ്കാരവുമായി ബന്ധപ്പെട്ട് കഴിഞ്ഞ സർക്കാർ നിയോഗിച്ച കമ്മിറ്റിയുടെ കാലാവധി അവസാനിച്ചിട്ടും റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ കമ്മിറ്റിയെ പുനഃസംഘടിപ്പിക്കുന്നതോ പുതിയ സമയപരിധി നിശ്ചയിക്കുന്നതോ സംബന്ധിച്ച പ്രഖ്യാപനവും ബജറ്റിൽ ഉണ്ടായേക്കും.

സർക്കാർ ജീവനക്കാരുടെ ദീർഘകാല ആവശ്യങ്ങളിൽ ചിലതിനെങ്കിലും പരിഹാരമാകുന്ന പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകുമോയെന്ന ആകാംക്ഷയിലാണ് സർവീസ് സംഘടനകൾ.

ENGLISH SUMMARY:

Kerala government employee DA hike is highly anticipated in the upcoming state budget, with expectations of a 2% hike effective from January, including arrears payment. The budget is also expected to address pension reforms and other long-standing demands of government employees and pensioners.