പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെ മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു. കൊല്ലം കെഎസ്ആർടിസി ഡിപ്പോയിൽ വെച്ച് നടന്ന ചടങ്ങിനിടെയാണ് സംഭവം. പദ്ധതിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷന്റെ നേതൃത്വത്തിൽ പായസവിതരണം ഉണ്ടായിരുന്നു. ഇത് ബസിനകത്ത് വെച്ച് വിതരണം ചെയ്യുകയുണ്ടായി. ഈ ചൂടുള്ള പായസമാണ് മന്ത്രിയുടെ തലയിൽ വീണത്. ഒപ്പം നിന്നവരാണ് തലയിൽ നിന്ന് പെട്ടെന്ന് പായസം തട്ടിമാറ്റിയത്.

അതേസമയം, കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കുമുള്ള സൗജന്യ യാത്രാ പദ്ധതിയായ 'പ്രിയദര്‍ശിനി' പദ്ധതി മുഖ്യമന്ത്രി വി.‍ഡി.സതീശന്‍ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം തമ്പാനൂർ ബസ് ടെർമിനലിലായിരുന്നു ഉദ്ഘാടനം. ആദ്യ സൗജന്യ യാത്രയുടെ ഫ്ലാഗ് ഓഫും നിര്‍വ്വഹിച്ച മുഖ്യമന്ത്രി സെക്രട്ടറിയേറ്റുവരെ മന്ത്രിമാര്‍ക്കൊപ്പം ബസില്‍ യാത്ര ചെയ്തു. ഔദാര്യമല്ല, സ്ത്രികള്‍ക്കുള്ള ആദരമാണ് പദ്ധതിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്വകാര്യ ബസ് സര്‍വ്വീസുകള്‍ക്കുണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി. 

തുടര്‍ന്ന് മുഖ്യമന്ത്രിയും ഗതാഗത മന്ത്രി സി.പി ജോണും മന്ത്രി കെ.എ തുളസിയുമുള്‍പ്പെടേയുളളവര്‍ സെക്രട്ടറിയേറ്റുവരെ ആദ്യ സൗജന്യ യാത്രയില്‍ പങ്കാളിയായി. വിവിധ ജില്ലകളില്‍ മന്ത്രിമാരുടെയും എം.എല്‍.എമാരുടെയും നേതൃത്വത്തില്‍ സൗജന്യ യാത്രകള്‍ക്കും തുടക്കം കുറിച്ചു. ഇന്ന് മുതല്‍ 3125 കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്ക് സീറോ ടിക്കറ്റില്‍ യാത്ര ചെയ്യാം.

അതേസമയം, എല്ലാ കെ.എസ്.ആര്‍.ടി.സി ബസുകളിലും സൗജന്യം വാഗ്ദാനം ചെയ്ത്, ഓര്‍ഡിനറിയില്‍ മാത്രം അനുവദിച്ച് ജനങ്ങളെ വഞ്ചിച്ചുവെന്ന് ആരോപിച്ച് പ്രതിപക്ഷം ഉദ്ഘടാന ചടങ്ങുകള്‍ ബഹിഷ്കരിച്ചു. 

ENGLISH SUMMARY:

An unexpected mishap occurred at the Kollam KSRTC depot when hot payasam accidentally spilled onto the head of Minister Bindu Krishna during an official event. The incident took place during the regional flag-off ceremony of the 'Priyadarshini' scheme, a flagship government initiative offering free ordinary bus travel for women. To celebrate the launch, Youth Congress workers under the leadership of the district president had organized a sweet distribution drive for the passengers. Amidst intense crowding and pushing inside the newly inaugurated bus, the container tilted, drenching the minister with the hot dessert. Nearby party workers and security staff immediately intervened, using shawls to carefully clean her face and head. Despite the sudden discomfort, Minister Bindu Krishna gracefully continued her inaugural ride up to Chinnakkada before departing in her official vehicle, while authorities began reviewing the event's crowd management protocols.