പുരുഷൻമാർക്കും സൗജന്യയാത്ര വേണമെന്ന മെൻസ് അസോസിയേഷന്‍റെ ആവശ്യം സരസമായി തള്ളി മുഖ്യമന്ത്രി. പുരുഷൻമാർക്ക് സൗജന്യം നൽകിയാൽ അതിന്‍റെ ലാഭം വീട്ടിലെത്തില്ല, സർക്കാരിൽ തന്നെ എത്തുമെന്നായിരുന്നു വി.ഡി.സതീശൻ പറഞ്ഞത്. മുഖ്യമന്ത്രി പറഞ്ഞത് തെറ്റിദ്ധാരണ കൊണ്ടാണെന്നായിരുന്നു മെൻസ് അസോസിയേഷന്‍റെ പ്രതികരണം. പക്ഷെ മുഖ്യമന്ത്രി നമ്മുടെ അസോസിയേഷൻ എന്ന് പറഞ്ഞതിനാൽ സമരത്തിൽ നിന്ന് അസോസിയേഷൻ പിൻമാറി.
സ്ത്രീകൾക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ചപ്പോൾ മുതൽ ഓൾ കേരള മെൻസ് അസോസിയേഷൻ അസ്വസ്ഥരായിരുന്നു. ഇന്ന് ബസിൽ കയറി ടിക്കറ്റെടുക്കാതെ യാത്ര ചെയ്ത് പ്രതിഷേധിക്കുമെന്നായിരുന്നു പ്രഖ്യാപനം. സമരം കേട്ടറിഞ്ഞ മുഖ്യമന്ത്രി യാത്രാ പദ്ധതിയുടെ ഉദ്ഘാടന വേദിയിൽ തന്നെ മറുപടിയുമായെത്തി. മുഖ്യമന്ത്രി ഉദ്ദേശിച്ചത് മദ്യപാനമാണന്ന് അസോസിയേഷന് മനസിലായി. പക്ഷെ പുരുഷൻമാർ എല്ലാവരും അങ്ങിനെയല്ലന്ന് മനസിലാക്കണമെന്നാണ് അവരുടെ അഭ്യർത്ഥന.
ഇതിന്റെ പേരിൽ അസോസിയേഷൻ മുഖ്യമന്ത്രിയോട് പിണങ്ങിയെന്ന് കരുതരുത്. നമ്മുടെ അസോസിയേഷൻ എന്ന് മുഖ്യമന്ത്രി പറഞ്ഞതിനാൽ മുഖ്യമന്ത്രിക്കൊപ്പമാണ് അസോസിയേഷൻ. അതിനാൽ ബസിൽ ടിക്കറ്റെടുക്കാതെ യാത്ര ചെയ്ത് പ്രതിഷേധിക്കാനുള്ള തീരുമാനം കുറച്ച് മുദ്രാവാക്യം വിളിയിലും ടിക്കറ്റെടുത്തുള്ള യാത്രയുമായി മയപ്പെടുത്തി.