കൊച്ചിയിൽ ഊബർ ഓട്ടോ യാത്രയ്ക്കിടെ ഡ്രൈവർ അധിക്ഷേപിച്ച് വഴിയിൽ ഇറക്കിവിട്ടെന്ന സംഭവത്തിൽ പരാതി നൽകിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് മനോജിന്റെ എറണാകുളം ഒച്ചന്തുരുത്ത് സ്വദേശി പി.കെ മനോജ്.
മേയ് 24ന് ഭാര്യയ്‌ക്കൊപ്പം മഹാരാജാസ് കോളേജ് ഗ്രൗണ്ടിന് സമീപത്തേയ്ക്ക് പോകുന്നതിനായി മനോജ് ഊബർ ഓട്ടോ ബുക്ക് ചെയ്തിരുന്നു. ലക്ഷ്യസ്ഥാനത്തിന് സമീപം വാഹനം നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവർ തയ്യാറായില്ലെന്നാണ് പരാതി. യാത്ര കുറച്ചുകൂടി ദൂരം തുടരുന്നതിനായി ട്രിപ്പ് എക്സ്റ്റൻഡ് ചെയ്യാമെന്ന് പറഞ്ഞെങ്കിലും ഡ്രൈവർ അത് അംഗീകരിച്ചില്ലെന്നും മനോജ് പറയുന്നു.
ഇവരുടെ കൈവശം ഭാരമുള്ള സാധനങ്ങളുണ്ടായിരുന്നുവെന്നും കനത്ത മഴയിലായിരുന്നു യാത്രയെന്നും പരാതിയിൽ പറയുന്നു. ഇതിനിടെ ഡ്രൈവർ ദമ്പതികളെ ഓട്ടോയിൽ നിന്ന് ഇറക്കിവിടുകയും അധിക്ഷേപകരമായി സംസാരിക്കുകയും ചെയ്തുവെന്നാണ് ആരോപണം. പൊലീസിൽ പരാതി നൽകുമെന്ന് അറിയിച്ചപ്പോൾ ഡ്രൈവർ വെല്ലുവിളിക്കുന്ന തരത്തിലാണ് പ്രതികരിച്ചതെന്നും മനോജ് ആരോപിക്കുന്നു.
സംഭവത്തിന് പിന്നാലെ ഓട്ടോയുടെ രജിസ്ട്രേഷൻ നമ്പർ, ഡ്രൈവറുടെ ചിത്രം എന്നിവ ഉൾപ്പെടെ തെളിവുകൾ സഹിതം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതായി മനോജ് പറഞ്ഞു. എന്നാൽ രണ്ടാഴ്ചയിലേറെയായി സ്റ്റേഷനിൽ കയറിയിറങ്ങുന്നുണ്ടെങ്കിലും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ പരാതി.
നഗരത്തിൽ സർവീസ് നടത്തുന്ന ഒരു ഓട്ടോ ഡ്രൈവറെ കണ്ടെത്താൻ പോലും പൊലീസിന് സാധിക്കുന്നില്ലേയെന്നാണ് മനോജ് ചോദിക്കുന്നത്. ഓട്ടോ ഡ്രൈവറുടെ പെരുമാറ്റം മൂലം താനും ഭാര്യയും കടുത്ത മാനസിക സമ്മർദത്തിലൂടെയാണ് കടന്നുപോയതെന്നും അദ്ദേഹം പറയുന്നു.
സംഭവത്തെ തുടർന്ന് മനോജിന്റെ ഭാര്യയ്ക്ക് വൈദ്യസഹായം തേടേണ്ടിവന്നതായും അദ്ദേഹം വ്യക്തമാക്കി. പരാതി നൽകിയിട്ടും നടപടിയുണ്ടാകാത്തത് നിരാശാജനകമാണെന്നും ഭരണകൂടങ്ങൾ മാറിയെങ്കിലും സംവിധാനത്തിന്റെ സമീപനത്തിൽ മാറ്റമില്ലെന്നും മനോജ് ആരോപിച്ചു.