തിരുവനന്തപുരം വാഴോട്ടുകോണത്തെ ബിജെപി കൗണ്‍സിലര്‍ ആര്‍.സുഗതനെ കാപ്പകേസില്‍ അറസ്ററ്റ് ചെയ്തതില്‍ രൂക്ഷവിമര്‍ശനവുമായി വട്ടിയൂര്‍കാവ് കൗണ്‍സിലറും മുന്‍ ഡിജിപിയുമായ ആര്‍.ശ്രീലേഖ. സുഗതന്‍ എങ്ങനെ ഗുണ്ടയായി എന്നാണ് ആര്‍ ശ്രീലേഖയുടെ ചോദ്യം. കഴിഞ്ഞ 10 വർഷത്തെ സിപിഎം ദുർഭരണത്തിൽ കേരളത്തിലുണ്ടായ ഗുണ്ടാവിളയാട്ടത്തില്‍ ധൈര്യപൂർവ്വം ചെറുത്തുനിന്ന ഒരു യുവാവാണ് സുഗതൻ. വട്ടിയൂർക്കാവിൽ ഉണ്ടായ അനധികൃത പ്രവൃത്തികളെ ചോദ്യം ചെയ്യുകയും, നാട്ടുകാർക്ക് വേണ്ടി പൊരുതി നിൽക്കുകയും ചെയ്തതുകൊണ്ടാണ് സുഗതനെതിരെ ഇത്രയധികം കേസുകൾ പോലീസ് എടുത്തതെന്നും ശ്രീലേഖ സമൂഹമാധ്യമത്തില്‍ കുറിച്ചു.
കേരളത്തിൽ ഭരണം മാറി, പക്ഷെ മറ്റൊന്നും മാറിയിട്ടില്ല. ഇപ്പോഴും പോലീസും, ജില്ലാ അധികാരികളും മറ്റ് ഉദ്യോഗസ്ഥരും സിപിഎം പറയുന്നതൊക്കെ അനുസരിക്കുന്ന അടിമകളും വിധേയരുമാണ്. ഇത്തരം പട്ടിഷോ നടത്തി ജനസേവകരെ പീഡിപ്പിക്കുന്ന പോലീസിനെ അഭിനന്ദിക്കുന്ന ആഭ്യന്തര മന്ത്രി കോൺഗ്രസല്ല ഇന്ത്യ മുന്നണിയുടെ ഭാഗം മാത്രമാണെന്ന് ജനം ധരിച്ചാൽ അതിൽ അതിശയപ്പെടേണ്ടതില്ല എന്നും ശ്രീലേഖ പറയുന്നു.
വെറും നാലുപേർ മാത്രമുള്ള വീട്ടിൽ ഒരു സായുധ പോലീസുമായി 2 വാഹനങ്ങളിലെത്തി വീട്ടുകാരെ, പ്രത്യേകിച്ച് 2 കുഞ്ഞുങ്ങളെ തോക്ക് ചൂണ്ടി ഭയപ്പെടുത്തി. അവിടെയുള്ള സ്ത്രീയുടെ മേല്‍ ശാരീരിക ആക്രമണം നടത്തി. അതൊന്നും പോരാതെ, അക്രമാസക്തമായ വലിയ ആൾക്കൂട്ടത്തെ പിരിച്ചുവിടാനെന്ന പോലെ ആകാശത്തേക്ക് വെടിയുതിർത്തു. മഫ്ത്തി വേഷത്തിൽ പൊലീസ് ഹീറോയിസം കാണിച്ചെന്നും ശ്രീലേഖ കുറ്റപ്പെടുത്തി. പൊലീസിന്‍റെ പട്ടിഷോയാണ് നടന്നതെന്നും. നടപടി രാഷ്ട്രീയപ്രേരിതമെന്നും സിപിഎം എടുത്തത് കള്ളക്കേസുകളെന്നും ഫെയ്സ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു.
സുഗതനെ ആകാശത്തേക്കു വെടിവച്ചു പിടികൂടിയ പൊലീസിനെ ആഭ്യന്തരമന്ത്രി അനുകൂലിച്ചപ്പോള്‍ വട്ടിയൂര്‍കാവില്‍ ഉണ്ടായത് അനാവശ്യ വെടിയൊച്ചയാണെന്ന് സ്ഥലം എംഎല്‍എയും ആരോഗ്യമന്ത്രിയുമായ കെ.മുരളീധരന്‍ പ്രതികരിച്ചതിന് പിന്നാലെയാണ് സുഗതനെ പിന്തുണച്ച് ശ്രീലേഖ രംഗത്ത് എത്തിയത്.