സ്കൂൾ വളപ്പിൽ അപകടഭീഷണിയായി ആൾമറയില്ലാത്ത വന്‍കുഴികള്‍. അടൂര്‍ പുതുശേരിഭാഗം ഗവ.എൽപി സ്കൂളിലാണ് അപകടക്കുഴികള്‍. പുതിയ കെട്ടിടത്തിനായി പൈലിങ്ങിന് എടുത്ത കുഴികളിലാണ് വെള്ളം നിറഞ്ഞ് കിടക്കുന്നത്.

പുതുശേരിഭാഗം ഗവ.എൽപി സ്കൂളിന് പുതിയ കെട്ടിടത്തിനായി കോൺക്രീറ്റ് തൂൺ (പില്ലർ)സ്ഥാപിക്കുന്നതിനെടുത്ത 4 കുഴികളാണ് അപകട കെണിയായത്. ആഴത്തിൽ കുഴിയെടുത്തിട്ടും മണ്ണിന് ഉറപ്പ് കണ്ടെത്താനാവാതെ വന്നതോടെ മണ്ണ് പരിശോധനയ്ക്കായി നിർമാണ ജോലികൾ നിർത്തിവച്ചു. എന്നാൽ മണ്ണു പരിശോധനയ്ക്ക് കരാർ ഏറ്റെടുക്കാൻ ആരും മുന്നോട്ടു വരാതിരുന്നതിനാൽ നിര്‍മാണം നിലച്ചു.കുട്ടികളുടെ കളി സ്ഥലത്തിനോടു ചേർന്നുള്ള ഭാഗത്ത് പഴയ ശുചിമുറികൾക്കു സമീപമാണ് 3കുഴികൾ. 

ഇതിനകലെയായി മറ്റൊരു കുഴിയുമുണ്ട്. മഴക്കാലമായതോടെ കുഴികളിൽ വെള്ളം നിറഞ്ഞു. കുഴി നിർമിച്ചിട്ട് മാസങ്ങൾ പിന്നിട്ടെങ്കിലും കുഴിക്കു ചുറ്റും ആൾമറ സ്ഥാപിക്കുന്നതിന് നടപടിയായില്ല. കുട്ടികൾ കളിക്കുന്ന സ്ഥലത്തോടു ചേർന്നുള്ള കുഴി രക്ഷിതാക്കള്‍ക്കും ഭയമായി. ഇപ്പോൾ അധ്യാപകർ കുട്ടികളെ വരാന്തയ്ക്കു വെളിയിലേക്ക് ഇറക്കാറില്ല. കുഴികൾക്ക് സമീപം ആൾമറയെങ്കിലും വേണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം. 

ENGLISH SUMMARY:

School safety concerns are rising due to open pits at an LP school in Adoor, Kerala. These deep, unfenced pits, filled with rainwater, pose a significant accident hazard to students, leading teachers to restrict outdoor access.