സംസ്ഥാനത്തെ കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര തിങ്കളാഴ്ച മുതല്‍. 'പ്രിയദര്‍ശിനി' എന്ന പേരിലാണ് പദ്ധതി നടപ്പിലാക്കുക. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും ഓര്‍ഡിനറി ബസുകളില്‍ സൗജന്യമായി യാത്ര ചെയ്യാം. മാസം 70 കോടി രൂപ വരെ സര്‍ക്കാരിന് ബാധ്യത വരുത്തുന്നതാണ് പദ്ധതി. സൗജന്യ യാത്രമൂലം കെഎസ്ആര്‍ടിസിക്കുണ്ടാകുന്ന വരുമാനനഷ്ടം സര്‍ക്കാര്‍ നല്‍കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സംസ്ഥാന സര്‍ക്കാരിന്‍റെ ഇന്ദിര ഗാരന്‍റിയില്‍ വരുന്നതാണ് ഈ പദ്ധതിയും. പ്രായഭേദമെന്യേ എല്ലാ സ്ത്രീകള്‍ക്കും യാത്രാസൗകര്യം ലഭിക്കുമെന്നും മുഖ്യമന്ത്രി വി.ഡി.സതീശന്‍ അറിയിച്ചു. ഉപാധികളില്ലാതെ നടപ്പിലാക്കുന്ന സൗജന്യയാത്ര പദ്ധതിയാണിതെന്നും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ കെഎസ്ആര്‍ടിസിക്ക് 1500 കോടിയോളം പ്രതിവര്‍ഷം നല്‍കുന്നുണ്ട്. ഇതിന് പുറമെയാകും പദ്ധതി നടത്തിപ്പിനുള്ള 800 കോടി രൂപയും നല്‍കുക. കെഎസ്ആര്‍ടിസിയുടെ വരുമാനം വര്‍ധിപ്പിക്കാനുള്ള മറ്റ് പദ്ധതികള്‍ക്ക് തുടക്കമിടാനും മന്ത്രിസഭ തീരുമാനിച്ചു. മലബാറില്‍ ഓര്‍ഡിനറി ബസുകള്‍ കുറവാണെന്നത് വസ്തുതയാണ്. കാര്യങ്ങള്‍ വിലയിരുത്തിയത് ശേഷം ബദല്‍മാര്‍ഗങ്ങള്‍ കണ്ടെത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പിഎംശ്രീയില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, കഴിഞ്ഞ സര്‍ക്കാര്‍ മന്ത്രിസഭ അറിയാതെയാണ് പദ്ധതിയില്‍ ഒപ്പുവച്ചതെന്നും ആരോപിച്ചു. ബി.അശോകിന്‍റെ നിയമനത്തിനെതിരായ വിമര്‍ശനങ്ങളെയും മുഖ്യമന്ത്രി തള്ളി. രാഷ്ട്രീയം നോക്കിയല്ല നിയമനമെന്നും കേരളത്തില്‍ ഐഎഎസുകാരുടെ കുറവുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സെക്രട്ടറിയേറ്റിലെ മാധ്യമ നിയന്ത്രണം പരിശോധിക്കും. മാധ്യമങ്ങളെ വിലക്കിയ ഉത്തരവ് നിലവിലുണ്ടെന്നും ആ ഉത്തരവ് പരിശോധിച്ച് നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മെഡിസെപ് പദ്ധതി പുനഃപരിശോധിക്കുമെന്നും അതിവേഗ റെയിലില്‍ പഠിച്ച ശേഷമേ തീരുമാനം കൈക്കൊള്ളുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഇ.ശ്രീധരന്‍ അത് സംബന്ധിച്ച നിര്‍ദേശം മുന്നോട്ടുവച്ചുവെന്നും അതില്‍ പഠിക്കാന്‍ സമിതിയെ സര്‍ക്കാര്‍ നിയോഗിക്കുക മാത്രമാണ് ചെയ്തതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. അതേസമയം, ധവളപത്രത്തിന് എഐ ഉപയോഗിച്ചുവെന്ന തോമസ് ഐസകിന്‍റെ ആരോപണം മുഖ്യമന്ത്രി വി.ഡി.സതീശന്‍ തള്ളി. ഐസകിന്‍റെ വാദം തമാശയാണെന്നായിരുന്നു മറുപടി. അദാനിയുമായി തനിക്ക് ബന്ധമില്ലെന്നും ഗോവിന്ദന്‍ മാഷിന് മറുപടി പറയാനില്ലെന്നും പറഞ്ഞ സതീശന്‍, ആര്യാടന്‍റെ ബന്ധുവുമായാണ് താന്‍ കൂടിക്കാഴ്ച നടത്തിയതെന്നും വിശദീകരിച്ചു.