മാസപ്പടിക്കേസിലെ ഇഡി അന്വേഷണത്തില്‍ ടി. വീണയ്ക്ക് വേണ്ടി സിപിഎം അന്ധമായ പ്രതിരോധം തീര്‍ക്കില്ല. പാര്‍ട്ടി നേതൃതലത്തിലാണ് തീരുമാനം. കേസില്‍ പിണറായി വിജയനെ ബന്ധിപ്പിച്ചാല്‍ മാത്രമേ  പാര്‍ട്ടി ഇടപെടുകയുള്ളൂവെന്നുമാണ് സിപിഎം നേതൃത്വത്തിന്‍റെ തീരുമാനം. അതിനാല്‍ വെള്ളിയാഴ്ച വീണ ഹാജരാകുന്നതില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇടപെടില്ലെന്നും തീരുമാനമായി. വീണയ്ക്കെതിരായ കേസിന് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് ഇന്നലെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ വ്യക്തമാക്കിയിരുന്നു. കേസില്‍ പിണറായിയെ കൂട്ടിക്കെട്ടാനുള്ള ശ്രമത്തെയാണ് സിപിഎം എതിര്‍ക്കുന്നതെന്നും വീണയ്ക്കെതിരായ കേസ് അവര്‍ തന്നെ കൈകാര്യം ചെയ്യുമെന്നുമാണ് എം.വി.ഗോവിന്ദന്‍ വിശദീകരിച്ചത്. 

അതേസമയം, സിഎംആർഎൽ- എക്സാലോജിക് ഇടപാട് കേസില്‍ വീണയ്ക്കായി വിശദമായ ചോദ്യാവലി ഇഡി തയാറാക്കിയതായി റിപ്പോര്‍ട്ട്. സിഎംആര്‍എലില്‍ നിന്നുള്ള തുകയുടെ വിനിയോഗത്തില്‍ വ്യക്തത വരുത്തുന്നതിനായാണ് നീക്കം.  2.78 കോടി രൂപയുടെ വിനിയോഗത്തിലാണ് വ്യക്തത വരുത്തുക. സ്വത്തുക്കൾ സമ്പാദിച്ചെങ്കിൽ അത് കണ്ടുകെട്ടാനും നീക്കമുണ്ട്. വെള്ളിയാഴ്ച കൊച്ചിയിലെ ഇഡി ഓഫിസില്‍ ഹാജരാകണമെന്നാണ് വീണയ്ക്ക് നല്‍കിയ സമന്‍സിലുള്ളത്. 

വീണ എംഡിയായ എക്സാലോജിക് സൊല്യൂഷന്‍സ്, സേവനമൊന്നും നല്‍കാതെ സിഎംആര്‍എലില്‍ നിന്നും 2.78 കോടി രൂപ കൈപ്പറ്റിയെന്നും ഇവരുടെ സഹോദര സ്ഥാപനത്തിന്‍റെ അക്കൗണ്ടില്‍ നിന്ന് 50 ലക്ഷം രൂപ വായ്പയായി നേടിയുെന്നുമാണ് ഇഡി കേസ്. കള്ളപ്പണ നിരോധന നിയമപ്രകാരം ഈ തുക 'കുറ്റകൃത്യത്തിലൂടെ സമ്പാദിച്ച പണത്തിന്‍റെപരിധിയില്‍ വരു'മെന്നാണ് ഇഡി പറയുന്നത്. കേസില്‍ ഇഡിയും എസ്എഫ്ഐഒയും ഇതുവരെ സമാഹരിച്ച തെളിവുകളും മൊഴികളും പരിശോധിച്ച ശേഷമാണ് ഇഡി ചോദ്യം ചെയ്യല്‍ നടപടിയിലേക്ക് നീങ്ങുന്നത്. 

സിഎംആര്‍എല്‍ മാനേജിങ് ഡയറക്ടര്‍ ശധിരന്‍ കര്‍ത്താ, ഭാര്യ ജയ എസ്.കര്‍ത്ത, മകന്‍ ശരണ്‍ എസ്. കര്‍ത്ത, കമ്പനിയുടെ സീനിയര്‍ മാനേജര്‍ എന്‍.സി.ചന്ദ്രശേഖരന്‍, സീനിയര്‍ ഓഫിസര്‍ അഞ്ജു റേയ്ച്ചല്‍ കുരുവിള,ചീഫ് ഫിനാഷ്യല്‍ ഓഫിസര്‍ കെ.എസ്.സുരേഷ്കുമാര്‍ എന്നിവര്‍ക്കും വിവിധ ദിവസങ്ങളില്‍ നേരിട്ട് ഹാജരാകാന്‍ സമന്‍സ് അയച്ചിട്ടുണ്ട്. 

ENGLISH SUMMARY:

The CPI(M) leadership has structurally decided not to orchestrate a blind political defense for Kerala Chief Minister Pinarayi Vijayan's daughter, T. Veena, regarding her upcoming ED interrogation. Party State Secretary M.V. Govindan clarified that the legal challenges targeting her software firm, Exalogic Solutions, do not have any organizational affiliation with the ruling party. The party apparatus intends to intervene exclusively if federal investigators maliciously attempt to link the Chief Minister himself to the ongoing financial dispute. Consequently, party cadres and local leadership have been strictly instructed to refrain from organizing protests or interfering when she appears before the Enforcement Directorate office in Kochi this Friday. Meanwhile, the central agency has drafted an exhaustive questionnaire to track the precise utilization and end-destination of 2.78 crore rupees received by Exalogic from Cochin Minerals and Rutile Limited. Legal experts note that federal authorities are building a robust case under the Prevention of Money Laundering Act, which includes provisional plans to attach any assets potentially acquired using the alleged proceeds of crime.