sugathan-bjp-serious-allegation

തിരുവനന്തപുരത്തെ ബിജെപി കൗണ്‍സിലര്‍ ആര്‍.സുഗതന്‍റെ അറസ്റ്റിലേക്ക് നയിച്ചത് ഗുരുതര കൃത്യങ്ങളെന്ന് പൊലീസ്. സമൂഹത്തിന് ഭീഷണിയെന്ന കലക്ടറുടെ ഉത്തരവിനെ തുടര്‍ന്നാണ് കാപ്പ ചുമത്തി കരുതല്‍ തടങ്കലിലാക്കാന്‍ തീരുമാനിച്ചത്. എട്ടുവര്‍ഷത്തിനിടെ സുഗതനെതിരെ ഏഴുകേസുകള്‍ ഉണ്ടായെന്നും കൗണ്‍സിലറായ ശേഷവും വധശ്രമം ഉള്‍പ്പെടെ കേസുകള്‍ റജിസ്റ്റര്‍ ചെയ്യുന്ന സാഹചര്യമുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2012 മുതല്‍ സുഗതന്‍ റൗഡി ലിസ്റ്റിലുണ്ടെന്നും താക്കീതിന് ശേഷവും കുറ്റകൃത്യം തുടര്‍ന്നുവെന്നും പൊലീസ് പറയുന്നു. 

ഇന്നലെ രാത്രിയാണ് നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ സുഗതനെ പൊലീസ് അറസ്റ്റ് ചെയ്തത്. മാര്‍ച്ച് 23ന് ക്ഷേത്ര ഉല്‍സവത്തിനിടെ സിപിഎം പ്രവര്‍ത്തകനെ കമ്പികൊണ്ട് അടിച്ച കേസില്‍ ഒളിവിലായിരുന്നു സുഗതന്‍. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയിട്ടും കീഴടങ്ങാന്‍ തയാറാകാതിരുന്നതോടെയാണ് ഇന്നലെ പൊലീസ് വീട് വളഞ്ഞ് പിടികൂടിയത്. സുഗതന്‍റെ കൂടെയുള്ളവര്‍ പൊലീസിനെ പ്രതിരോധിക്കുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു. കയ്യാങ്കളിയില്‍ ഇന്‍സ്പെക്ടര്‍ വിപിന്‍ ഉള്‍പ്പടെയുള്ള പൊലീസുകാര്‍ക്ക് പരുക്കേറ്റു. ഇതോടെ ആകാശത്തേക്ക് വെടിയുതിര്‍ത്ത് ആള്‍ക്കൂട്ടത്തെ പിരിച്ചുവിട്ടാണ് സുഗതനെ കീഴടക്കിയത്. പൊലീസിനെ ആക്രമിച്ചതിന് പുതിയ കേസുമെടുത്തു.

പൊലീസിന് ക്രിമിനല്‍ മൈന്‍ഡ് സെറ്റ് എന്നായിരുന്നു തിരുവനന്തപുരം മേയര്‍ വി.വി.രാജേഷിന്‍റെ പ്രതികരണം. ഇല്ലാത്ത കേസുകളുടെ പേര് പറഞ്ഞ് പൊലീസ് വൈരാഗ്യം തീര്‍ക്കുകയാണെന്നും സുഗതനെ വേട്ടയാടുകയാണെന്നും പൂര്‍ണപിന്തുണ നല്‍കുമെന്നും രാജേഷ് പറഞ്ഞു. പൊലീസ് മര്‍ദിച്ചെന്ന് സുഗതന്‍റെ ഭാര്യയും ആരോപിച്ചു. എന്നാല്‍ പൊലീസ് നടപടിയില്‍ അസ്വാഭാവികതയില്ലെന്നായിരുന്നു ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പ്രതികരണം. വാഴോട്ടുകോണം കൗണ്‍സിലര്‍ ഗുണ്ടയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സ്ഥലത്ത് വെടിയുതിര്‍ക്കേണ്ടി വന്നത് ക്രമസമാധാനപ്രശ്നം കൊണ്ടാണെന്ന് കമ്മിഷണറും പ്രതികരിച്ചു. 

ENGLISH SUMMARY:

The Thiruvananthapuram City Police have stated that grave criminal offenses, including repeated violent acts, necessitated the execution of the KAAPA warrant against BJP Councillor R. Sugathan. Following a detailed history sheet submitted by law enforcement, the District Collector officially issued a preventive detention order classifying him as a chronic threat to public order. Official investigative records reveal that Sugathan has been blacklisted on the active police rowdy list since 2012, accumulating seven major criminal cases over the last eight years alone. Despite receiving multiple legal warnings, the Vattiyoorkavu ward representative reportedly continued his unlawful operations, culminating in a recent high-profile attempt-to-murder case during a local temple festival on March 23. While Thiruvananthapuram Mayor V.V. Rajesh fiercely condemned the midnight arrest, accusing the police department of harboring a malicious criminal mindset to politically hunt opposition members, the state leadership firmly backed the operation. State Home Minister Ramesh Chennithala categorically dismissed the opposition's bias claims, affirming that the police acted lawfully against a listed goonda to neutralize a severe law and order crisis.