policedeath

മുനമ്പം പൊലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ ബിനു വർഗീസിന്റെ മരണത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. മരിച്ച ബിനു വർഗീസിന് സാമ്പത്തിക ബാധ്യതകളൊന്നും ഉണ്ടായിരുന്നില്ലെന്നും മരണത്തിന് പിന്നിലെ യഥാർഥ കാരണം കണ്ടെത്തണമെന്നും കുടുംബം ആവശ്യപ്പെട്ടു.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് പറവൂരിലെ വീട്ടിൽ ബിനു വർഗീസിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഉച്ചയോടെ മുനമ്പം പൊലീസ് സ്റ്റേഷനിൽ നിന്ന് വീട്ടിലെത്തിയ ബിനു, എന്തെങ്കിലും പ്രശ്നങ്ങളോ ആശങ്കകളോ ഉള്ളതായി കുടുംബാംഗങ്ങളോട് പറഞ്ഞിരുന്നില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്.

മുനമ്പം സ്റ്റേഷനിലെ ഒരു കേസുമായി ബന്ധപ്പെട്ട് ബിനു മാനസിക സമ്മർദം അനുഭവിച്ചിരുന്നിരിക്കാമെന്നാണ് സംശയിക്കുന്നതെന്ന് അദ്ദേഹത്തിന്റെ പിതാവ് മനോരമ ന്യൂസിനോട് പറഞ്ഞു. സംഭവസമയത്ത് നഴ്സായ ഭാര്യ സിനിയും മറ്റ് കുടുംബാംഗങ്ങളും വീട്ടിലുണ്ടായിരുന്നു.

ബിനുവിന്റെ മരണത്തിന് സാമ്പത്തിക ബാധ്യതകളാണ് കാരണമെന്ന് ഉയരുന്ന ചില വാദങ്ങൾ കുടുംബം തള്ളിക്കളയുകയാണ്. അദ്ദേഹത്തിന് സാമ്പത്തിക പ്രതിസന്ധികളോ കടബാധ്യതകളോ ഉണ്ടായിരുന്നില്ലെന്നാണ് കുടുംബത്തിന്റെ വിശദീകരണം.

അതേസമയം, “എന്റെ മരണത്തിന് മറ്റാരും ഉത്തരവാദികളല്ല” എന്ന ഒറ്റവരി കുറിപ്പ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ മരണത്തിലേയ്ക്ക്  നയിച്ച കാരണങ്ങളെക്കുറിച്ച് കുറിപ്പിൽ വിശദീകരണവുമില്ല. ഈ സാഹചര്യത്തിലാണ് മരണത്തിന്റെ പശ്ചാത്തലം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് കുടുംബം ആവശ്യം ഉന്നയിക്കുന്നത്.

ENGLISH SUMMARY:

Head constable Binu Varghese's suicide in Munambam has prompted his family to demand a thorough investigation into the matter. The family disputes claims of financial burdens as a motive, emphasizing that Binu was not in debt and pushing for the real cause of his death to be uncovered.