kannur-building-collapse-thalappu-road

കണ്ണൂർ നഗരത്തില്‍  മഴയിൽ തളാപ്പ് എൽ.ഐ.സി (LIC) റോഡിന് സമീപം പഴയ കെട്ടിടത്തിന്റെ ഒരു വശവും മതിലും പൂർണ്ണമായും തകർന്നു വീണു. ആളുകൾ സ്ഥിരമായി നടന്നുപോകുന്ന ചെറിയ റോഡിലേക്കാണ് അവശിഷ്ടങ്ങൾ പതിച്ചത്. അപകടസമയത്ത് റോഡിൽ ആരും ഇല്ലാതിരുന്നതിനാൽ വലിയൊരു ദുരന്തമാണ് ഒഴിവായത്. അപകടത്തിന് പിന്നാലെ ദുരന്തസ്ഥലത്ത് എത്തിയ സി.പി.എം ജില്ലാ സെക്രട്ടറിയും കണ്ണൂർ കോർപ്പറേഷൻ മേയറും തമ്മിൽ രൂക്ഷമായ രാഷ്ട്രീയ വാക്പോരും ആരംഭിച്ചു.  

മുൻപ് എം.കെ.ബി.ടി (MKBT) പമ്പ് പ്രവർത്തിച്ചിരുന്ന, നിലവിൽ ആരും താമസിക്കാത്ത പഴയ കെട്ടിടത്തിന്റെ ഭാഗമാണ് തകർന്നു വീണത്.  റോഡിന് കുറുകെ കടന്നുപോകുന്ന നിരവധി കെട്ടിട കേബിളുകൾക്കും കെ.എസ്.ഇ.ബി (KSEB) ലൈനുകൾക്കും മുകളിലേക്കാണ് അവശിഷ്ടങ്ങൾ പതിച്ചത്. എന്നാൽ അപകടത്തിന് മുൻപ് തന്നെ കെ.എസ്.ഇ.ബി ഈ ലൈനിലെ പവർ ഓഫ് ചെയ്തിരുന്നതിനാൽ ഷോക്കേൽക്കാനുള്ള വലിയൊരു സാധ്യത ഒഴിവായി. കെ.എസ്.ഇ.ബി ജീവനക്കാർ സ്ഥലത്തെത്തി ലൈനുകൾ അറുത്തുമാറ്റി.

അവശിഷ്ടങ്ങൾക്കിടയിൽ ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോ എന്ന് ഉറപ്പുവരുത്താൻ കോർപ്പറേഷന്റെ സി.സി.ടി.വി (CCTV) ക്യാമറകൾ പരിശോധിക്കാൻ കോർപ്പറേഷൻ സെക്രട്ടറിക്ക് ഡിവിഷൻ കൗൺസിലർ ലിഷ ദീപ നിർദ്ദേശം നൽകി. പ്രാഥമികമായി ആരും അപകടത്തിൽപ്പെട്ടിട്ടില്ലെന്നാണ് വിവരം.

ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ജെ.സി.ബി ഉപയോഗിച്ച് കല്ലും മണ്ണും റോഡിൽ നിന്നും മാറ്റാനുള്ള നടപടികൾ ആരംഭിച്ചു. സി.പി.എമ്മിന്റെയും കോൺഗ്രസിന്റെയും ജില്ലാ കമ്മിറ്റി ഓഫീസുകൾക്ക് നടുവിലുള്ള പ്രദേശത്താണ് ഈ പോക്കറ്റ് റോഡ് സ്ഥിതി ചെയ്യുന്നത്.

അപകടസ്ഥലം സന്ദർശിച്ച സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് കോർപ്പറേഷൻ ഭരണസമിതിക്കെതിരെ കടുത്ത ആരോപണങ്ങളുമായി രംഗത്തെത്തി. കണ്ണൂർ കോർപ്പറേഷന്റെ കടുത്ത അനാസ്ഥയാണ് ഈ അപകടത്തിന് കാരണം. കോർപ്പറേഷൻ പരിധിയിൽ തകർച്ചാഭീഷണി നേരിടുന്ന നിരവധി കെട്ടിടങ്ങൾ ഇനിയുമുണ്ട്. കൃത്യമായ രീതിയിലുള്ള യാതൊരുവിധ മഴക്കാല മുന്നൊരുക്കങ്ങളും നടത്താൻ കോർപ്പറേഷൻ തയ്യാറായിട്ടില്ലെന്നും രാഗേഷ് ആരോപിച്ചു.

സി.പി.എം ജില്ലാ സെക്രട്ടറിയുടെ ആരോപണങ്ങളെ പൂർണ്ണമായും തള്ളിക്കളഞ്ഞും പരിഹസിച്ചുമാണ് മേയർ പി. ഇന്ദിര രംഗത്തെത്തിയത്. ഇപ്പോൾ മഴക്കാലം വന്നതിന് പിന്നിലും കോർപ്പറേഷൻ ആണെന്നാണോ സി.പി.എം പറയുന്നത്? സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള ഇത്തരം അപകടാവസ്ഥയിലായ കെട്ടിടങ്ങൾ പൊളിച്ചുനീക്കാൻ കോർപ്പറേഷൻ നോട്ടീസ് നൽകാറുണ്ട്. എന്നാൽ കെട്ടിട ഉടമകൾ ഉടൻ തന്നെ കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങുകയാണ് ചെയ്യുന്നത്. അതാണ് ഇത്തരം കെട്ടിടങ്ങൾ നീക്കം ചെയ്യുന്നതിലെ പ്രധാന തടസ്സം. അപകടത്തെ തുടർന്ന് തളാപ്പ് മേഖലയിൽ ഗതാഗത തടസ്സവും വൈദ്യുതി തടസ്സവും നേരിട്ടിട്ടുണ്ട്. അവശിഷ്ടങ്ങൾ പൂർണ്ണമായി നീക്കം ചെയ്ത ശേഷമേ ഈ റോഡ് പൊതുജനങ്ങൾക്കായി തുറന്നു നൽകൂ.

ENGLISH SUMMARY:

Kannur building collapse occurred near Thalappu LIC road after a dilapidated old building's side and wall crumbled. Fortunately, no one was on the road at the time, averting a major tragedy, but the incident has sparked a political spat between CPM and the Mayor.