വിവാദമായ പി.എം. ശ്രീ പദ്ധതിയെ സംബന്ധിച്ച പൊതുവിദ്യാഭ്യാസ വകുപ്പിന്റെ റിപ്പോർട്ട് മന്ത്രിസഭയുടെ പരിഗണനയ്ക്ക്. പദ്ധതിയുമായി ബന്ധപ്പെട്ട കേന്ദ്ര നിബന്ധനകൾ സംസ്ഥാന താൽപര്യങ്ങൾക്ക് തിരിച്ചടിയാകില്ലെന്നും നിലവിലെ വിദ്യാഭ്യാസ നയത്തിലും പാഠ്യപദ്ധതിയിലും അടിസ്ഥാനപരമായ മാറ്റങ്ങൾ ആവശ്യമില്ലെന്നുമാണ് വകുപ്പ് സെക്രട്ടറി വിദ്യാഭ്യാസ മന്ത്രിക്ക് സമർപ്പിച്ച റിപ്പോർട്ടിലെ വിലയിരുത്തലുള്ളത്.
കേരളത്തിന്റെ വിദ്യാഭ്യാസ നയം മാറ്റേണ്ട സാഹചര്യമില്ലെന്നും എൻ.സി.ഇ.ആർ.ടി. പാഠപുസ്തകങ്ങൾ നിർബന്ധമല്ലാത്തതിനാൽ എസ്.സി.ഇ.ആർ.ടി. സിലബസ് തുടർന്നും പിന്തുടരാനാകുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അതേസമയം, പ്രധാനമന്ത്രിയുടെ ചിത്രമുള്ള പി.എം. ശ്രീ ബോർഡ് സ്കൂളുകളിൽ സ്ഥാപിക്കേണ്ടി വരുമെന്നതും റിപ്പോർട്ടിൽ പറയുന്നുണ്ട്.
കേന്ദ്ര സർക്കാർ നൽകുന്ന സമഗ്ര ശിക്ഷ കേരള (SSK) ഫണ്ട് സംസ്ഥാനത്തിന് അനിവാര്യമാണെന്നും പി.എം. ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകാത്ത പക്ഷം ഈ ഫണ്ട് ലഭിക്കുന്നതിൽ പ്രതിസന്ധി നേരിടേണ്ടി വരാമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി റിപ്പോർട്ടിൽ പറയുന്നു.
വിഷയത്തിൽ അടിയന്തര തീരുമാനമെടുക്കേണ്ട സാഹചര്യമില്ലെന്നും എല്ലാ വശങ്ങളും വിശദമായി പരിശോധിച്ച ശേഷമേ അന്തിമ നിലപാട് സ്വീകരിക്കൂവെന്നും വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദീന്‍ അറിയിച്ചു.
പിണറായി സർക്കാരിന്റെ അവസാന കാലഘട്ടത്തിലാണ് പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാനം ഒപ്പുവെച്ചത്. എന്നാൽ സിപിഐയുടെ ശക്തമായ എതിർപ്പിനെ തുടർന്ന് കരാർ പിന്നീട് മരവിപ്പിക്കുകയായിരുന്നു. വിദ്യാഭ്യാസ മേഖലയിലേയ്ക്ക് പ്രതിവർഷം 1,400 മുതൽ 1,500 കോടി രൂപ വരെ കേന്ദ്ര ഫണ്ട് ലഭിക്കാനുള്ള സാധ്യതയും വിഷയത്തെ വീണ്ടും സജീവ ചർച്ചയാക്കിയിരിക്കുകയാണ്.