ac-sreehari

TOPICS COVERED

പയ്യന്നൂര്‍ കോളജിലെ ഇംഗ്ലീഷ് വിഭാഗത്തിലെ അധ്യാപകനും കവിയുമായിരുന്ന എ.സി.ശ്രീഹരി അന്തരിച്ചു.57 വയസായിരുന്നു.  കഴിഞ്ഞ മെയ് 31ന് ആണ് ശ്രീഹരി അധ്യാപന ജീവിതത്തില്‍ നിന്ന് വിരമിച്ചത്. ശിഷ്ടകാലം സാഹിത്യ ലോകത്ത് സജീവമാകാനിരുന്നതായിരുന്നു താല്‍പര്യം. എന്നാല്‍ വിധി ഹൃദയാഘാതത്തിന്‍റെ രൂപത്തിലെത്തി ജീവന്‍ കവര്‍ന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു അന്ത്യം.

കവിതാസമാഹാരമായ വായനാവികൃതി, തിരക്കവിത‌യായ ഇടച്ചേരി, ലൊക്കേറ്റിംഗ് ദി ലോക്കൽ ഇൻ ലിറ്ററേച്ചർ ആൻഡ് ഫിലിംസ്  തുടങ്ങിയവയാണ് പ്രധാന കൃതികൾ. സാംസ്കാരിക–പൊതുപ്രവര്‍ത്തന മേഖലയില്‍ സജീവമായിരുന്ന എ.സി.ശ്രീഹരി 2015 ൽ കണ്ണൂർ സർവ്വകലാശാലയിൽ നിന്ന് "മലയാള ജനപ്രിയ കലാസിനിമയിലെ ആണത്തനിർമ്മാണം' എന്ന വിഷയത്തിൽ ഗവേഷണവും പൂർത്തിയാക്കിയിട്ടുണ്ട്. 

മരണവാര്‍ത്തയറിഞ്ഞ് നിരവധി പേരാണ് സാമൂഹ്യമാധ്യമങ്ങളില്‍ അദ്ദേഹത്തിന്‍റെ കവിതകളെ കുറിച്ച് പങ്കുവെയ്ക്കുന്നത്. ശ്രീഹരിയുടെ സുഹൃത്തും കവിയുമായ പി എന്‍ ഗോപികൃഷ്ണന്‍ എഴുതിയതിങ്ങനെ.

"പാസ്റ്റിഷ് , പാരഡി സങ്കേതങ്ങള്‍ ശ്രീഹരി ധാരാളം കവിതകളില്‍ ഉപയോഗിച്ചു. ബാലചന്ദ്രന്‍ ചുള്ളിക്കാടിന്‍റെ "എവിടെ ജോണ്‍" എന്ന കവിത ശ്രീഹരിയില്‍ "എവിടെ ലോണ്‍" ആയി. തന്‍റെ നാട്ടില്‍ വേരുകളുള്ള വേങ്ങയില്‍ കുഞ്ഞിരാമന്‍ നായരുടെ വാസനാ വികൃതി , അവനില്‍ വായനാ വികൃതിയായി. മോഹന്‍ലാല്‍ മീശ പിരിച്ച് അഭിനയിച്ച നരസിംഹം സിനിമയെ ഉപജീവിച്ച് എഴുതിയ കവിതയില്‍ പയ്യന്നൂരിലെ ശാന്തി ടാക്കീസ് ഒക്കെ കടന്നുവന്നു. പ്രാദേശികതയെയും ആഗോളതയേയുമൊക്കെ തന്‍റെ രീതിയില്‍ കലര്‍ത്തിയ ബ്ലെന്‍ഡ് ഉണ്ടാക്കാനായിരുന്നു അന്നവന്‍ ശ്രമിച്ചത്. അതിന് മുകളില്‍  പരിഹാസം കൊണ്ട് ഗാര്‍ണിഷ് ചെയ്തു."

1969 നവംബര്‍ 24ന് കണ്ണൂര്‍ പയ്യന്നൂരിലെ ആലപ്പടമ്പിലാണ് എസി ശ്രീഹരിയുടെ ജനനം. പയ്യന്നൂര്‍ കോളജില്‍ നിന്ന് ഇംഗ്ലീഷ് ബിരുദം, ദേവഗിരി സെന്‍റ് ജോസഫ് കോളജില്‍ നിന്ന് ബിരുദാനന്തര ബിരുദം, എംജി സര്‍വകലാശാലയില്‍ നിന്ന് എം.ഫില്‍ തുടങ്ങിയവ നേടിയിട്ടുണ്ട്. എന്‍.എന്‍ കക്കാട് അവാര്‍ഡ്, വി.ടി.കുമാരന്‍ അവാര്‍ഡ്, വൈലോപ്പിള്ളി അവാര്‍ഡ് എന്നിവ നേടിയിട്ടുണ്ട്. സംസ്കാരം നാളെ.

ENGLISH SUMMARY:

A.C. Srihari, a respected English professor and poet from Payyanur College, has passed away. He recently retired from his teaching career and was looking forward to dedicating his remaining years to literature, but his life was tragically cut short by a heart attack.