കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് അമ്മയും മകനും മരിച്ചു. പാലേരി അണ്ടിക്കുന്നുമ്മൽ തോട്ടത്താംകണ്ടി സുബീഷിന്റെ ഭാര്യ രമ്യ (35), മകൻ ശിവനന്ദ് (8) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെ കുറ്റ്യാടി തോട്ടത്താംകണ്ടി ഭാഗത്ത് പുഴയിൽ തുണി അലക്കാനായി പോയതായിരുന്നു രമ്യയും മകൻ ശിവനന്ദും. ഇതിനിടെ കാൽവഴുതി ഒഴുക്കിൽപ്പെട്ട മകനെ രക്ഷിക്കാൻ പുഴയിൽ ഇറങ്ങിയ രമ്യയും ഒഴുക്കിൽപ്പെടുകയായിരുന്നു.
വിവരമറിഞ്ഞ് എത്തിയ നാട്ടുകാർ അമ്മയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. തുടർന്ന് ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ ഒരു മണിക്കൂറിലേറെ നീണ്ട തിരച്ചിലിനൊടുവിലാണ് ഒഴുക്കിൽപ്പെട്ട കുട്ടിയുടെ മൃതദേഹം കണ്ടെത്താനായത്. നിലവിൽ ഇരുവരുടെയും മൃതദേഹങ്ങൾ കുറ്റ്യാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.