മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ വായ്പകൾ ഏറ്റെടുത്ത് എഴുതിത്തള്ളുമെന്ന സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപനം മാസങ്ങൾ പിന്നിട്ടിട്ടും നടപ്പായില്ലെന്ന പരാതിയുമായി ദുരന്തബാധിതർ. വായ്പാ ബാധ്യത സർക്കാർ ഏറ്റെടുക്കാൻ തുക അനുവദിച്ചിട്ടും നടപടികൾ പൂർത്തിയാക്കുന്നതിൽ ജില്ലാ ഭരണകൂടം വീഴ്ച വരുത്തിയെന്നാണ് ആരോപണം.
2025 ജനുവരി 28-ന് ചേർന്ന മന്ത്രിസഭാ യോഗമാണ് ദുരന്തബാധിതരുടെ വായ്പ കുടിശിക സർക്കാർ ഏറ്റെടുക്കാൻ തീരുമാനിച്ചത്. തുടർന്ന് 2024 ജൂലൈ 30 വരെ ഉണ്ടായിരുന്ന മുഴുവൻ വായ്പാ ബാധ്യതയും സർക്കാർ ഏറ്റെടുക്കുന്നതിന് 18.75 കോടി രൂപ മുൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിച്ച് ജില്ലാ കലക്ടറുടെ അക്കൗണ്ടിലേയ്ക്ക് കൈമാറുകയും ചെയ്തു.
എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും ദുരന്തബാധിതരിൽ ഒരാളുടെ പോലും വായ്പ ഔദ്യോഗികമായി എഴുതിത്തള്ളാൻ കഴിഞ്ഞിട്ടില്ലെന്നാണ് പരാതി. ഇതിനിടെ വായ്പ തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്കുകളിൽ നിന്ന് നിരന്തരം ഫോൺ വിളികൾ ലഭിക്കുന്നതായി ദുരന്തബാധിതർ പറയുന്നു. ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് ഇത് കൂടുതൽ മാനസിക സമ്മർദമുണ്ടാക്കുന്നതായും അവർ ചൂണ്ടിക്കാട്ടുന്നു.
പുനരധിവാസ പട്ടികയിൽ ഉൾപ്പെട്ട ഗുണഭോക്താക്കൾ, ദിനബത്ത ലഭിക്കുന്നവർ, ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾ എന്നിവരുടെ മുഴുവൻ വായ്പകളും എഴുതിത്തള്ളണമെന്നായിരുന്നു സർക്കാർ ഉത്തരവ്. എന്നാൽ ജില്ലാ ഭരണകൂടം സമർപ്പിച്ച പട്ടികയിൽ നിന്ന് നിരവധി പേരെ ഒഴിവാക്കിയതായും ചിലരുടെ മുഴുവൻ വായ്പാ വിവരങ്ങളും ഉൾപ്പെടുത്തിയിട്ടില്ലെന്നും ദുരന്തബാധിതർ ആരോപിക്കുന്നു.
ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ട് പ്രിയപ്പെട്ടവരുടെ വേർപാടിന്റെ ആഘാതത്തിൽ നിന്ന് ഇനിയും മുക്തരാകാത്ത ജനവിഭാഗത്തെയാണ് ഭരണപരമായ കാലതാമസം വീണ്ടും ദുരിതത്തിലാക്കുന്നതെന്ന് വിമർശനം ഉയരുന്നു. അനുവദിച്ച തുക ബാങ്കുകൾക്ക് കൈമാറി വായ്പാ ബാധ്യതകൾ എത്രയും വേഗം തീർപ്പാക്കാൻ ജില്ലാ ഭരണകൂടം അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ദുരന്തബാധിതരുടെ ആവശ്യം.