പേരാമ്പ്ര എം എല്‍ എ ഫാത്തിമ തെഹ്ലിയ നിലവിളക്ക് കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തതിനെ വിമര്‍ശിച്ച് സമസ്ത. അനിസ്ലാമികവും ഇതരമതസ്തരുടേതുമായ ആചാരങ്ങള്‍ വര്‍ജിക്കണമെന്നും അല്ലാത്തപക്ഷം അത് കുറ്റകരമാണെന്നും മുശാവറ യോഗത്തില്‍ സമസ്ത നിലപാടെടുത്തു. കഴിഞ്ഞ മാസം പേരാമ്പ്രയിലെ സ്വകാര്യ ചടങ്ങിലായിരുന്നു ഫാത്തിമ തെഹ്ലിയ നിലവിളക്ക് കൊളുത്തിയത്.
സത്യപ്രതിജ്ഞ ചെയ്ത ശേഷമുള്ള ഫാത്തിമ തെഹ്ലിയയുടെ ആദ്യ പരിപാടിയായിരുന്നു തണല്‍ വനിത മെസിന്‍റെ ഉദ്ഘാടനം. അവിടെ വിളക്ക് കൊളുത്തി ചടങ്ങ് നിര്‍വഹിച്ചതാണ് വിവാദത്തിന് വഴി വച്ചത്. കഴിഞ്ഞദിവസത്തെ സമസ്ത മുശാവറ യോഗത്തില്‍ നിലവിളക്ക് വിവാദം ചര്‍ച്ചയായപ്പോഴായിരുന്നു വിമര്‍ശനം . ഇതര മതക്കാര്‍ നിര്‍വഹിക്കുന്ന ചടങ്ങുകളും ആചാരങ്ങളും വര്‍ജിക്കണമെന്നും ഒരു പ്രത്യേക മതചടങ്ങായാണ് കാലങ്ങളായി നിലവിളക്ക് കൊളുത്തലിനെ കാണുന്നതെന്നും മുശാവറ യോഗത്തില്‍ പണ്ഡിതര്‍ അഭിപ്രായപ്പെട്ടു
വിളക്കു കൊളുത്തിയതില്‍ ഫാത്തിമയെ വിമര്‍ശിച്ചുകൊണ്ട് ഇസ്ലാമിക പണ്ഡിതന്‍ ഹുസൈന്‍ സലഫിയും വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി കെ അഷ്റഫും രംഗത്ത് എത്തിയിരുന്നു. സമൂഹ മാധ്യമങ്ങളിലും ചര്‍ച്ചയായതോടെയാണ് സമസ്ത നിലപാട് വ്യക്തമാക്കിയിരിക്കുന്നത് . വിഷയത്തിൽ എംഎല്‍എ ഇതുവരെ പ്രതികരിച്ചിട്ടില്ല.