വാണിജ്യസിലിണ്ടറുകളുടെ വിലക്കയറ്റം സര്‍ക്കാര്‍ സ്കൂളുകളിലെ ഉച്ചഭക്ഷണത്തേയും പ്രതിസന്ധിയിലാക്കുന്നു. സര്‍ക്കാര്‍ നല്‍കുന്ന തുച്ഛമായ തുകയില്‍ നിന്നാണ് പാചകവാതകത്തിനുമുള്ള ഫണ്ടും സ്കൂളുകാര്‍ കണ്ടെത്തേണ്ടത്. സ്കൂളുകളില്‍ ഗാര്‍ഹിക സിലിണ്ടര്‍ ഉപയോഗിക്കാന്‍ അനുവദിച്ചാല്‍ പകുതി പ്രശ്നം പരിഹരിക്കാനാകുമെന്നാണ് അധ്യാപകരുടെ അഭിപ്രായം.

ഉച്ചഭക്ഷണം തയാറാക്കുന്ന തിരക്കിലാണ് നടക്കാവ് സര്‍ക്കാര്‍ ഗേൾസ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ജീവനക്കാര്‍. വന്‍പയര്‍ ഉപ്പേരിയും, സോയാബീന്‍ കറിയുമാണ് സ്പെഷ്യല്‍. 900 കുട്ടികള്‍ ഉച്ചഭക്ഷണം കഴിക്കുന്ന ഇവിടെ ഒരു മാസം വേണ്ടത് 12 സിലിണ്ടറുകളാണ്. 

3131 രൂപയാണ് വാണിജ്യ സിലിണ്ടറിന്റെ ഇപ്പോഴത്തെ വില. അധ്യാപകര്‍ കയ്യില്‍ നിന്ന് പണം മുടക്കിയാണ് പാചകവാതകം വാങ്ങുന്നത്. പിന്നീട് ബില്ല് സര്‍ക്കാരിലേക്ക് അയക്കും. വില കൂടിയെന്ന് കരുതി മെനു വെട്ടിച്ചുരുക്കാനുമാകില്ല.

അഞ്ചാം ക്ലാസ് വരെയുള്ള കുട്ടിക്ക് 6.78 രൂപയും എട്ടാം ക്ലാസ് വരെയുള്ള കുട്ടിക്ക് 10.17 രൂപയുമാണ് സര്‍ക്കാര്‍ നല്‍കുന്നത്. ഇതില്‍ നിന്നുവേണം അരിക്കും പച്ചക്കറിക്കും പാചകവാതകത്തിനുമുള്ള പണം കണ്ടെത്തേണ്ടത്. 

ആഴ്ചയില്‍ ഒരുദിവസം ബിരിയാണി കൊടുക്കുന്ന സ്കൂളുകളുമുണ്ട്. വിറകടുപ്പ് ഉപയോഗിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും എല്ലായിടത്തുമിത് പ്രായോഗികമല്ല. പാചകവാതക വില ഉയര്‍ന്ന സാഹചര്യത്തില്‍ ഉച്ചഭക്ഷണത്തിനുള്ള വിഹിതം കൂട്ടണമെന്ന് സംസ്ഥാനസര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ENGLISH SUMMARY:

Commercial cylinder price hike is creating a crisis for the mid-day meal program in government schools, as the allocated funds are insufficient to cover the rising cost of cooking gas. Teachers are reportedly spending their own money to purchase cooking gas and are hoping for the government to increase the allocation for the mid-day meal scheme.