maggots-tvm

പാരിപ്പള്ളി സ്വദേശിയായ രാജേന്ദ്രപ്രസാദിനെ അപകടത്തിൽ ഗുരുതര പരുക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുന്നത് 28നാണ്. ഐസിയുവിൽ നിന്ന് വാർഡിലേക്ക് മാറ്റിയ അച്ഛന്‍റെ അടുത്തേയ്ക്ക് ആശ്വാസത്തോടെ ഓടിയെത്തിയതായിരുന്നു മക്കൾ. പക്ഷേ അച്ഛൻ വേദനകൊണ്ട് ഞരങ്ങുകയായിരുന്നു.   

മക്കള്‍ എന്തുപറ്റിയെന്ന് ചോദിക്കുമ്പോൾ അയാള്‍ക്ക് സംസാരിക്കാൻ ആകുന്നില്ല. അങ്ങനെയാണ് മകൻ കാല് പരിശോധിക്കുന്നത്. കാലു പൊക്കിയപ്പോൾ പുഴുക്കൾ കൂട്ടത്തോടെ താഴേക്ക് വീണു. കാലിൽനിന്ന് അസഹ്യമായ ദുർഗന്ധവും വന്നു. ഇതോടെയാണ് ഡോക്ടർമാരോടും നഴ്സുമാരോടും വിവരം പറഞ്ഞത്. 

എന്നാൽ ആശുപത്രിയിൽ ഇതൊക്കെ സാധാരണം ആണെന്നും കുറച്ചുദിവസം കഴിയുമ്പോൾ മാറും എന്നുമായിരുന്നു മറുപടി. ബന്ധുക്കൾ ബഹളം വെച്ചതിനെ തുടർന്നാണ് ഡോക്ടർ എത്തി പരിശോധിച്ചതും തുടർന്ന് കാല് ഡ്രെസ് ചെയതതും. ആശുപത്രിയിൽ കിടന്ന അഞ്ചു ദിവസവും അച്ഛൻ വേദന കൊണ്ട് പുളഞ്ഞെന്ന് കണ്ണീരോടെ പറയുന്നു മക്കൾ.

ശസ്ത്രക്രിയക്ക് ശേഷം രാജേന്ദ്രപ്രസാദിനെ ഡോക്ടര്‍മാരോ നഴ്സുമാരോ തിരിഞ്ഞുനോക്കിയില്ലെന്ന് കുടുംബം ആരോപിക്കുന്നു. കഴിഞ്ഞ മാസം 28ാം തിയ്യതിയാണ് രാജേന്ദ്രപ്രസാദിന് പാരിപ്പള്ളി വച്ച് അപകടം സംഭവിക്കുന്നത്. ആദ്യം പാരിപ്പള്ളി മെഡിക്കൽ കോളജിലും സ്വകാര്യ മെഡിക്കല്‍ കോളജിലും എത്തിച്ചു. ഒടുവിലാണ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിക്കുന്നത്. 

കാല് ഒടിഞ്ഞു രണ്ടായി പോയിരുന്നു എന്നാണ് കുടുംബം പറയുന്നത്. മെഡിക്കല്‍ കോളജില്‍ എത്തിച്ച് ശസ്ത്രക്രിയ നടത്തി. തുടര്‍ന്ന് കമ്പിയിട്ടിട്ട് കുറച്ചുദിവസം ഐസിയുവില്‍ ആയിരുന്നുവെന്നും അവിടെ നിന്ന് വാര്‍ഡിലേക്ക് മാറ്റിയപ്പോഴാണ് പുഴുവിനെ കണ്ടതെന്നും കുടുംബം പറയുന്നു. രാജേന്ദ്രപ്രസാദിന്‍റെ കാലില്‍ നിന്നും പുഴുക്കള്‍ ഇറ്റു വീഴുകയായിരുന്നുവെന്നും കുടുംബം വ്യക്തമാക്കി.

ENGLISH SUMMARY:

News reports on a shocking incident where maggots were found on a patient's leg after an accident. The victim, Rajendra Prasad, was admitted to Trivandrum Medical College Hospital following a severe leg injury, and his family discovered the infestation upon his transfer from the ICU.