തിരുവനന്തപുരം കട്ടേല ട്രൈബൽ റസിഡൻഷ്യൽ സ്‌കൂളിൽ വി.മുരളീധരൻ എം.എൽ.എ കുട്ടികൾക്ക് മിഠായി ഡെസ്‌കിലിട്ട് നൽകിയ സംഭവത്തില്‍ രൂക്ഷ വിമര്‍ശനം. മുന്‍ വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയടക്കമുള്ളവരാണ് കഴക്കൂട്ടം എംഎല്‍എയുടെ നടപടിക്കെതിരെ രംഗത്തെത്തിയത്. ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ് മുരളീധരന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും ജന്‍മിത്ത മനോഭാവത്തെയാണിത് കാണിക്കുന്നതെന്നും ശിവന്‍കുട്ടി വിമര്‍ശിച്ചു.
'വേണമെങ്കില്‍ എടുത്തോളൂ എന്ന മട്ടിലുള്ള രീതിയാണിത്. അടിമകള്‍ക്ക് ആഹാരം കൊടുക്കുന്നത് പോലെയുള്ള പ്രാകൃതരീതിയെന്നും ഇങ്ങനെയാണോ കുട്ടികളെ സ്കൂളിലേക്ക് വരവേല്‍ക്കുന്നതെന്നും മുന്‍മന്ത്രി ചോദിക്കുന്നു. ബിജെപി മറ്റു സംസ്ഥാനങ്ങളില്‍ പരീക്ഷിക്കുന്നത് ഇവിടെയും പിന്തുടരാന്‍ ശ്രമിക്കുകയാണെന്നും ശിവന്‍കുട്ടി മനോരമ ന്യൂസിനോട് പ്രതികരിച്ചു.
പട്ടികജാതി-പട്ടികവർഗ, പിന്നാക്ക വിഭാഗത്തിൽപ്പെട്ട കുട്ടികൾ പഠിക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ വെച്ച്, അവിടുത്തെ വിദ്യാർത്ഥികളെ ഇത്രത്തോളം അവഹേളിക്കാൻ ഒരു ജനപ്രതിനിധിക്ക് എങ്ങനെ സാധിക്കുന്നു എന്നത് അത്ഭുതപ്പെടുത്തുന്നുവെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. ശിവന്‍കുട്ടിയുടെ ഫെയ്സ്ബുക്ക് കുറിപ്പിലെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെ: 'പ്രവേശനോത്സവത്തിൽ കുട്ടികൾക്ക് മിഠായി നൽകുന്നതിന് പകരം, അവരെ അപമാനിക്കുന്ന രീതിയിൽ മേശപ്പുറത്തേക്ക് മിഠായി തട്ടിയിട്ട് അത് എടുത്തു കഴിക്കാൻ ആവശ്യപ്പെട്ടത് മനുഷ്യത്വമില്ലായ്മയുടെ ഉത്തമ ഉദാഹരണമാണ്. കുട്ടികളുടെ ആത്മാഭിമാനത്തെ മുറിപ്പെടുത്തുന്നതും അവരുടെ മനസ്സിൽ വലിയ ആഘാതം ഉണ്ടാക്കുന്നതുമായ ഇത്തരം പ്രവൃത്തികൾ ഒരു പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല.
ഏറ്റവും ഗൗരവകരമായ കാര്യം, ഈ സംഭവസമയത്ത് ഉദ്ഘാടകയായ മന്ത്രി അവിടെ ഉണ്ടായിരുന്നിട്ടും, ഒരു ജനപ്രതിനിധിയുടെ ഈ ധിക്കാരപരമായ നടപടിയെ തടയാനോ തിരുത്താനോ അവർ തയ്യാറായില്ല എന്നതാണ്. കുട്ടികളുടെ സംരക്ഷണത്തിനും അന്തസ്സിനും വേണ്ടി നിലകൊള്ളേണ്ട ഒരു ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന വ്യക്തി, കുട്ടികൾക്ക് നേരെ ഇത്തരമൊരു അനാദരവ് കാട്ടുമ്പോൾ അത് നിശബ്ദമായി നോക്കി നിന്നത് അതീവ ഗുരുതരമായ വീഴ്ചയാണ്. കുട്ടികൾക്ക് മാതൃകയാകേണ്ടവരാണ് അവിടെ ഇത്തരമൊരു മോശം പ്രവണതയ്ക്ക് കൂട്ടുനിന്നത് എന്നത് പ്രതിഷേധാർഹമാണ്.
സമൂഹത്തിന്റെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗത്തിൽ നിന്നുള്ള കുട്ടികളോട് കാണിച്ച ഈ വിവേചനം ഒരുതരത്തിലും പൊറുക്കാനാവില്ല. ഈ സംഭവത്തിൽ എം.എൽ.എ മാപ്പു പറയണം. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണം' എന്നും കുറിപ്പില്‍ പറയുന്നു.