തിരുവനന്തപുരം മാരായമുട്ടം സ്‌കൂളിൽ ഇപ്പോൾ വിദ്യാർഥികൾ എല്ലാവരും സ്‌മാർട്ടാണ്, ഊർജസ്വലരാണ്. അതിനു പിന്നിൽ ഒരു കഥയുണ്ട്. അസംബ്ലിയിൽ സ്ഥിരമായി തലകറങ്ങി വീണിരുന്നവരെയും വിശപ്പിന്‍റെ തളർച്ചയിൽ പഠനത്തിൽ ശ്രദ്ധിക്കാൻ കഴിയാതിരുന്നവരെയും ചേർത്തുപിടിച്ച പ്രാതൽ പൊതിയുടെ കഥയാണത്. കനിവിന്‍റെ കഥയാണത്.
മാരായമുട്ടം സർക്കാർ ഹയർ സെക്കന്‍ഡറി സ്‌കൂളിൽ ഇനി ഒരു വിദ്യാർഥിയും വിശന്നിരിക്കില്ല. ഭക്ഷണം കഴിക്കാത്ത സഹപാഠിക്ക് പ്രാതൽ പൊതി കരുതാൻ കൂട്ടുകാരുണ്ട്. സ്‌റ്റുഡന്‍റ് പൊലീസ് കേഡറ്റ് സ്‌കൂളിൽ നടപ്പിലാക്കിയ കനിവ് പദ്ധതിയാണ് എല്ലാവരുടെയും വയറ് നിറക്കുന്നത്.
അമ്മമാർ മക്കൾക്കായി കൊടുത്തുവിടുന്ന പ്രഭാത ഭക്ഷണ പൊതിയ്ക്കൊപ്പം ഒന്നോ രണ്ടോ അധികം വയ്ക്കും. ജീവിതം പുലർത്താൻ പുലർച്ചെ പണിക്കിറങ്ങേണ്ടി വരുന്ന മാതാപിതാക്കൾക്കും ട്യൂഷൻ ക്ലാസ് കഴിഞ്ഞു വിശന്നു വരുന്ന കുഞ്ഞുങ്ങൾക്കും ഇത് സ്നേഹപ്പൊതിയാണ്.
വയറു നിറയ്ക്കുന്ന ഭക്ഷണവും മറ്റൊരാളുടെ വിശപ്പ് തിരിച്ചറിയുന്ന മനസും ഒന്നിക്കുമ്പോൾ കനിവ് അതിന്‍റെ യഥാർഥ അർത്ഥത്തിലെത്തുന്നു.