തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന രോഗി മരിച്ചു. കൊല്ലം പേരയം സ്വദേശി വിൽഫ്രഡ് (62) ആണ് മരിച്ചത്. മെഡിക്കൽ കോളജിലെ അഞ്ചാം വാർഡിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ശനിയാഴ്ചയായിരുന്നു വിൽഫ്രഡ് കട്ടിലിൽ നിന്ന് താഴേക്ക് വീണത്. വീഴ്ചയിൽ ഗുരുതരമായി പരുക്കേറ്റതിനെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
കടുത്ത മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിൽഫ്രഡിന്റെ രോഗം അദ്ദേഹത്തിന്റെ കരളിനെയും തലച്ചോറിനെയും (Hepatic Encephalopathy) ബാധിച്ചിരുന്നു. രോഗം തലച്ചോറിനെ ബാധിച്ചതിനെ തുടർന്ന് അദ്ദേഹം അസ്വസ്ഥതയും അസാധാരണമായ പെരുമാറ്റ പ്രശ്നങ്ങളും പ്രകടിപ്പിച്ചിരുന്നുവെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നു. ആശുപത്രി വാർഡിനുള്ളിൽ വെച്ചുണ്ടായ അപകട മരണമായതിനാൽ സംഭവത്തിൽ മെഡിക്കൽ കോളജ് പൊലീസ് ഔദ്യോഗികമായി കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.