thiruvananthapuram-school-building-collapse

സംസ്ഥാനമൊട്ടാകെ പ്രവേശനോത്സവത്തിന്റെ ആഹ്ലാദത്തിലായിരുന്ന അധ്യയന വർഷത്തിന്റെ ആദ്യ ദിനത്തിൽ തലസ്ഥാനത്ത് വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. തിരുവനന്തപുരം അട്ടക്കുളങ്ങര ഗവൺമെന്റ് സെൻട്രൽ ഹൈസ്കൂൾ കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ മേൽക്കൂര പൂർണ്ണമായും തകർന്ന് താഴേക്ക് പതിച്ചു.

വൈകുന്നേരം അഞ്ച് മണിക്ക് ശേഷം അപകടം നടന്നതിനാലാണ് വൻ ആളപായം ഒഴിവായത്. പൂർണ്ണമായും എയർകണ്ടീഷൻ ചെയ്ത, ആധുനിക രീതിയിൽ നവീകരിച്ച കെട്ടിടത്തിന്റെ മേൽക്കൂരയാണ് തകർന്നു വീണത്. അപകടം നടക്കുമ്പോൾ പ്രദേശത്ത് ശക്തമായ കാറ്റോ മഴയോ ഉണ്ടായിരുന്നില്ല. ഏതു സമയത്തും ഇടിഞ്ഞുവീഴാവുന്ന അവസ്ഥയിലായിരുന്നു കെട്ടിടത്തിന്റെ ഘടനയെന്നാണ് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.

സമഗ്ര ശിക്ഷാ കേരളത്തിന്റെ (SSK) ജില്ലാ പ്രോജക്ട് ഓഫീസാണ് ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്. അധ്യാപകരും ജീവനക്കാരും നിരന്തരം വന്നുപോകുന്ന ഓഫീസാണിത്. അധ്യയന സമയത്താണ് ഈ അപകടം സംഭവിച്ചിരുന്നതെങ്കിൽ നിരവധി പേരുടെ ജീവൻ അപകടത്തിലാകുമായിരുന്നു.

അപകടത്തെക്കുറിച്ച് നഗരസഭയും സ്കൂൾ അധികൃതരും സാങ്കേതിക ന്യായീകരണങ്ങൾ നിരത്തുന്നതിനിടയിലാണ് കടുത്ത നിലപാടുമായി വിദ്യാഭ്യാസ മന്ത്രി മനോരമ ന്യൂസിനോട് പ്രതികരിച്ചത്. പ്രാഥമിക വിവരങ്ങൾ പ്രകാരം ഫിറ്റ്നസ് ഇല്ലാത്ത കെട്ടിടത്തിലാണ് ഈ ഓഫീസ് പ്രവർത്തിച്ചിരുന്നത് എന്നാണ് മനസ്സിലാക്കുന്നത്. എസ്.എസ്.കെ ഓഫീസ് അവിടെ പ്രവർത്തിച്ചതിലും കെട്ടിടത്തിന്റെ സുരക്ഷാ വീഴ്ചയിലും ആർക്കാണ് ഉത്തരവാദിത്തം എന്ന് കൃത്യമായി അന്വേഷിച്ച് കണ്ടെത്താൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

തകർന്നത് സ്കൂൾ ക്ലാസ് മുറികളല്ല, സമഗ്ര ശിക്ഷാ കേരളത്തിന്റെ പ്രോജക്ട് ഓഫീസാണ്. അതിനാൽ ഈ കെട്ടിടത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റോ എൻ.ഓ.സിയോ (NOC) നൽകേണ്ടതില്ലെന്നാണ് തിരുവനന്തപുരം നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്റെ പ്രതികരണം. സ്കൂൾ പ്രിൻസിപ്പലോ എച്ച്.എമ്മോ (HM) ഏത് കെട്ടിടത്തിനാണോ അപേക്ഷ നൽകുന്നത് അത് മാത്രമേ കോർപ്പറേഷൻ പരിശോധിക്കൂ. ഇവിടുത്തെ ക്ലാസ് മുറികൾ പ്രവർത്തിക്കുന്ന പ്രധാന കെട്ടിടം 100 മീറ്റർ മാറിയാണ്. അതിന് ഫിറ്റ്നസ് നൽകിയിട്ടുണ്ട്.

ഏതാണ്ട് അഞ്ച് വർഷം മുൻപ് ഒരു കോടി രൂപയോളം മുടക്കി പൈതൃക പട്ടികയിൽ പെടുത്തി നഗരസഭയും പൊതുവിദ്യാഭ്യാസ വകുപ്പും നവീകരിച്ച ഈ കെട്ടിടം വീണ്ടും നവീകരിച്ച് ഉദ്ഘാടനം ചെയ്തത് കഴിഞ്ഞ വർഷമാണ്. നവീകരണ പ്രവർത്തനങ്ങൾ നടന്ന് ഒരു വർഷം തികയുന്നതിന് മുൻപ് തന്നെ മേൽക്കൂര പൂർണ്ണമായി തകർന്നത് നിർമ്മാണത്തിലെ ഗുരുതരമായ അഴിമതിയിലേക്കും മേൽനോട്ട കുറവിലേക്കുമാണ് വിരൽ ചൂണ്ടുന്നത്. ഓഫീസ് കെട്ടിടമാണെങ്കിലും കുട്ടികൾ കളിക്കാനും മറ്റ് ആവശ്യങ്ങൾക്കുമായി ഈ കെട്ടിടത്തിന്റെ പരിസരത്ത് എത്താറുണ്ട്.  

ENGLISH SUMMARY:

Thiruvananthapuram building collapse narrowly averted a major disaster on the first day of the academic year. The roof of a renovated building within the Attakulangara Government Central High School premises completely collapsed, highlighting urgent structural safety concerns.