സംസ്ഥാനത്ത് മിൽമ പാലിന് ലിറ്ററിന് നാല് രൂപയുടെ വില വർധന പ്രാബല്യത്തിൽ. മില്‍മ സ്മാര്‍ട്ട് ലിറ്ററിന് അന്‍പതില്‍ നിന്നും അന്‍പത്തിനാലായി. ടോണ്‍ഡ് മില്‍ക്ക് അന്‍പത്തി രണ്ടില്‍ നിന്നും അന്‍പത്തി ആറിലേയ്ക്കുയര്‍ന്നു. പ്രൈമിന്‍റെ വില അന്‍പത്തി ആറില്‍ നിന്നും അറുപതിലേയ്ക്കും കൊഴുപ്പ് കൂടിയ മില്‍മ റിച്ചിന് ആറ് രൂപ കൂടി അറുപത്തിനാലിലേയ്ക്കുമെത്തി.
ബോട്ടിലില്‍ ലഭിക്കുന്ന ഒരു ലിറ്റര്‍ പാലിന്‍റെ വില എഴുപതില്‍ നിന്നും എഴുപത്തിയഞ്ചായി. തൈര് ലീറ്ററിന് പത്ത് രൂപ വരെ വര്‍ധനയുണ്ട്. എട്ട് മാസം മുൻപ് ധാരണയായ വില വർധനയാണ് നടപ്പാക്കിയതെന്ന് മില്‍മ വ്യക്തമാക്കി.
പാലിനും തൈരിനും വിലകൂടിയതൊഴിച്ചാല്‍ ഐസ്ക്രീം, നെയ്യ് ഉള്‍പ്പെടെയുള്ള മില്‍മയുടെ മറ്റ് ഉല്‍പ്പന്നങ്ങള്‍ക്ക് തല്‍ക്കാലം വില ഉയരില്ല.
ചായപ്രേമികള്‍ക്കാകും ഇതില്‍ ഏറെ നിരാശ. പാലിന് വിലകൂടിയെന്ന തീരുമാനം വരുന്നതിന് മുന്‍പ് തന്നെ ചായവില പതിനഞ്ച് രൂപയായി ഉയര്‍ന്നിരുന്നു. പാല്‍വില കൂടി ഉയരുന്നതോടെ ചായയ്ക്ക് ഇനിയും വില വര്‍ധിക്കാനാണ് സാധ്യത.
വില വര്‍ധന സംബന്ധിച്ച് എട്ട് മാസം മുന്‍പേ ധാരണയായതാണ്. തെരഞ്ഞെടുപ്പ് തിരക്ക് കഴിഞ്ഞ മുറയ്ക്കാണ് ഇപ്പോള്‍ തീരുമാനം പൂര്‍ത്തിയാക്കപ്പെടുന്നത്. കര്‍ഷക ക്ഷേമം മുന്‍നിര്‍ത്തി നടപ്പാക്കിയെന്നാണ് മില്‍മയുടെ വിശദീകരണം. സര്‍ക്കാരിന് ഇടപെടാന്‍ കഴിയില്ലേ എന്ന് ചോദിച്ചാല്‍ ഹൈക്കോടതി മില്‍മയ്ക്ക് പാല്‍വില കൂട്ടാന്‍ അധികാരം നല്‍കിയെന്നാണ് വാദം. കൂടുന്നതൊന്നും പിന്നീട് കുറയുന്ന പതിവില്ലാത്ത നാട്ടില്‍ വരവിനൊപ്പം ചെലവ് ചുരുക്കാന്‍ ഇനി പെടാപ്പാട് പെടും.