അരൂര്‍ എംഎല്‍‌എ ഷാനിമോൾ ഉസ്മാന്‍ പതിനാറാം കേരള നിയമസഭയുടെ ഡപ്യൂട്ടി സ്പീക്കര്‍. സഭയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഷാനിമോള്‍ക്ക് 99 വോട്ട് ലഭിച്ചു. എൽഡിഎഫ് സ്ഥാനാർത്ഥിയായി പട്ടാമ്പിയിൽ നിന്നുള്ള സിപിഐ അംഗം മുഹമ്മദ് മുഹ്സിനാണ് മല്‍സരിച്ചത്. മുഹ്സിന് 34 വോട്ട് ലഭിച്ചു. ഇതോടെ കേരള നിയമസഭയ്ക്ക് 35 വര്‍ഷത്തിന് ശേഷമാണ് ഒരു വനിതാ ഡപ്യൂട്ടി സ്പീക്കര്‍ വരുന്നത്. സഭയിലെ നാലാം വനിത ഡപ്യൂട്ടി സ്പീക്കറാണ് ഷാനിമോള്‍.

അതേസമയം, ഡപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്ക് ബിജെപി മത്സരിച്ചില്ല. ഭരണപക്ഷ നിരയിലെ ആബിദ് ഹുസൈന്‍ തങ്ങളും സന്ദീപ് വാരിയരും സഭയില്‍ ഹാജരല്ലാത്തതിനാല്‍ വോട്ടെടുപ്പില്‍ പങ്കെടുത്തില്ല. പ്രതിപക്ഷ നിരയിനെ സി.കെ.ഹരീന്ദ്രനും സഭയില്‍ വന്നില്ല.

സഭയുടെ ആദ്യ സമ്മേളനവും ഇന്ന് പുനരാരംഭിച്ചു. ചോദ്യോത്തരവേള ഇല്ല. ശൂന്യവേളയും, ശ്രദ്ധ ക്ഷണിക്കലും അടിയന്തര പ്രമേയവും സഭാ നടപടികളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മലയിടം തുരുത്തിലെ കുടിയൊഴിപ്പിക്കലും മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളും ശ്രദ്ധ ക്ഷണിക്കലായി സഭയുടെ മുന്നിലേക്ക് എത്തും. ഇന്ധനവിലക്കയറ്റം പ്രതിപക്ഷം ഉന്നയിക്കും. എല്‍ഡിഎഫ് അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കും. ശൂന്യവേളയിലായിരിക്കും അടിയന്തര പ്രമേയം.

പിന്നാലെ എം.വിൻസെന്റ് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയം അവതരിപ്പിക്കും. നന്ദിപ്രമേയത്തിന്മേലുള്ള ചർച്ചയും ഇന്ന് ആരംഭിക്കും. നാളെയും മറ്റന്നാളുമായി ചർച്ച പൂർത്തീകരിക്കും. 19നാണ് വി.ഡി.സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ്.

ENGLISH SUMMARY:

Aroor MLA Shanimol Usman has been elected as the Deputy Speaker of the 16th Kerala Legislative Assembly, securing 99 votes in the house election. She comfortably defeated the LDF candidate and CPI MLA from Pattambi, Muhammad Muhsin, who managed to garner 34 votes. With this landmark victory, the Kerala Assembly welcomes a female Deputy Speaker after a long gap of 35 years, making Usman the fourth woman in history to assume this corporate legislative role. Meanwhile, the first dynamic session of the newly formed assembly resumed today, skipping the conventional Question Hour to prioritize pressing issues like pre-monsoon cleaning and the Malayidam Thuruthu eviction. Following an adjournment motion on fuel price hikes planned by the LDF opposition, MLA M. Vincent will present the motion of thanks to the Governor's address, setting the stage for the presentation of the V.D. Satheesan government's maiden budget on June 19.