സംസ്ഥാനത്ത് കാലവർഷത്തിനു മുന്നോടിയായി മഴ കനക്കുന്നു. ഇന്ന് 9 ജില്ലകളിൽ യെലോ അലർട്ടുണ്ട്. കണ്ണൂര്‍, കോഴിക്കോട്, വയനാട് മലപ്പുറം, തൃശ്ശൂര്‍, എറണാകുളം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. ബുധനാഴ്ചയോടെ കാലവർഷമെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. 

ബുധനാഴ്ച എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം എന്നിവിടങ്ങളിലാണ് ഓറഞ്ച് അലർട്ട്. വ്യാഴാഴ്ച ഏഴ് ജില്ലകളിൽ തീവ്രമഴ മുന്നറിയിപ്പുണ്ട്. ആദ്യ ആഴ്ചയിൽ കാലവർഷം ശക്തമായിരിക്കുമെന്നാണ് നിഗമനം. നിലവിൽ അറബിക്കടലിൽ കേരള തീരത്തോട് ചേർന്നുളള ചക്രവാതച്ചുഴി രണ്ട് ദിവസത്തിനുളളിൽ ദുർബലമാകുന്നതോടെ പടിഞ്ഞാറൻ കാറ്റിന് തടസ്സം നീങ്ങും. അതേസമയം, കേരള– ലക്ഷദ്വീപ് തീരത്ത് വ്യാഴാഴ്ച വരെ മല്‍സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

കാലവര്‍ഷം വരുന്നു...

തെക്കുപടിഞ്ഞാറൻ കാലവർഷം കേരളത്തിലേക്കും തമിഴ്നാട്ടിലേക്കുമെത്താന്‍ അനുകൂലമായ സാഹചര്യങ്ങളാണ് നിലനില്‍ക്കുന്നതെന്നാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. ഇതോടൊപ്പം തെക്കുപടിഞ്ഞാറൻ അറബിക്കടൽ, തെക്കുകിഴക്കൻ അറബിക്കടൽ, ലക്ഷദ്വീപ് ദ്വീപുകൾ എന്നിവയുടെ കൂടുതൽ ഭാഗങ്ങളിലേക്കും, മധ്യ- പടിഞ്ഞാറൻ, മധ്യ- കിഴക്കൻ, വടക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലെ കൂടുതൽ ഭാഗങ്ങളിലേക്കും, തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിന്റെ അവശേഷിക്കുന്ന ഭാഗങ്ങളിലേക്കും കാലവർഷം വ്യാപിക്കാൻ സാധ്യതയുണ്ട്.

തെക്കുകിഴക്കൻ അറബിക്കടലിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി നിലനിന്നിരുന്ന ചക്രവാതച്ചുഴി തെക്കുകിഴക്കൻ അറബിക്കടലിലും തെക്കൻ കേരള തീരത്തിനും സമീപത്തുമായി സമുദ്രനിരപ്പിൽ നിന്ന് 3.1 മുതൽ 5.8 കി.മീ വരെ ഉയരത്തിൽ സ്ഥിതി ചെയ്യുകയാണ്. തെക്കുപടിഞ്ഞാറൻ അറബിക്കടലിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി നിലനിൽക്കുന്ന ചക്രവാതച്ചുഴി സമുദ്രനിരപ്പിൽ നിന്ന് 3.1 മുതൽ 7.6 കി.മീ വരെ ഉയരത്തിൽ വ്യാപിച്ചുകിടക്കുന്നു. മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിനും സമീപ വടക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 5.8 കി.മീ വരെ ഉയരത്തിൽ മറ്റൊരു ചക്രവാതച്ചുഴിയുമുണ്ട്.

ഈ സാഹചര്യത്തില്‍ ജൂൺ 3, 4 തീയതികളിൽ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട അതിശക്‌തമായ മഴയ്ക്ക് സാധ്യതയുണ്ട്. മെയ് 31 മുതൽ ജൂൺ 4 വരെ തീയതികളിൽ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട ശക്തമായ മഴയും പ്രതീക്ഷിക്കുന്നുണ്ട്.

ENGLISH SUMMARY:

Pre-monsoon showers have intensified across Kerala as the Central Meteorological Department projects the official arrival of the Southwest Monsoon by this Wednesday. A yellow alert has been issued for nine key districts today, including Ernakulam, Kozhikode, and Alappuzha, signaling heavy structural downpours. By Wednesday, weather conditions are expected to escalate significantly, prompting a severe orange alert for five districts alongside a comprehensive state-wide rain warning. Multiple active cyclonic circulations over the Arabian Sea and the Bay of Bengal are accelerating these atmospheric changes, raising the potential for isolated, extremely heavy rainfall. Consequently, authorities have implemented a strict fishing ban along the Kerala and Lakshadweep coasts until Thursday to ensure maritime safety amidst turbulent sea conditions.