ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് പിടിയില്‍. തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വിജയ് വിമലിനെയാണ് അഞ്ചുതെങ്ങിലെ വീട്ടില്‍നിന്ന് പിടികൂടിയത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 26 ആയി.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ രാഷ്ട്രീയ പോരാട്ടം നടത്താൻ ഇറങ്ങിയ സിപിഎമ്മിനെ വെട്ടിലാക്കുന്നതാണ് കോടതി ഉത്തരവും. ആക്രമണം യാദൃശ്ചികം ആയിരുന്നില്ലെന്നും ആസൂത്രിത രാഷ്ട്രീയ ആക്രമണമായിരുന്നു എന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്നുള്ള കോടതിവിധി സിപിഎമ്മിനെ പ്രതിരോധത്തിലാക്കി.
ഇ ഡി ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ പ്രതികൾ ലക്ഷ്യമിട്ടു എന്ന് പ്രതികളുടെ പ്രവർത്തിയിൽ നിന്നും തിരിച്ചറിയാനാകും എന്ന തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് സിപിഎമ്മിന്റെ രാഷ്ട്രീയ വാദങ്ങളെ ദുർബലമാക്കും. സിപിഎം അണികൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിക്കുമ്പോൾ സമീപത്തുണ്ടായിരുന്ന സിപിഎം സംസ്ഥാന സെക്രട്ടറി ഉൾപ്പെടെയുള്ള നേതാക്കൾക്കും കോടതി പരാമർശങ്ങളിൽ വരും ദിവസങ്ങളിൽ ഉത്തരം പറയേണ്ടിവരും.