dog-attack-lady-rvm

വീട്ടിൽക്കയറി വീട്ടമ്മയുടെ വിരൽ കടിച്ചെടുത്ത് തെരുവുനായയുടെ പരാക്രമം. കാട്ടാക്കട പൂവച്ചൽ കുഴയ്ക്കാടാണ് സംഭവം. ഓമനയുടെ (61) ഇടതുകൈയിലെ വിരലാണ് നായ കടിച്ചെടുത്തത്.

ഓമനയെ രക്ഷിക്കാനെത്തിയ ഭർത്താവ് ശ്രീകണ്ഠൻ (67) പേഴുംമൂട് സ്വദേശി ഷാമില ബീവി (51), ഭർത്താവ് മാഹിൻ കണ്ണ് (56) എന്നിവർക്കും ഗുരുതരമായി പരിക്കേറ്റു. എല്ലാവരും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

നായയുടെ കടിയേറ്റ ഷാമില ബീവിയുടെ കാലിൽ നാല് തുന്നലുണ്ട്. അക്രമാസക്തനായ തെരുവുനായ ഷാമില ബീവി അടുക്കള വാതിൽ തുറന്നയുടൻ വീടിന് അകത്തേക്ക് കുതിച്ചുകയറുകയായിരുന്നു. ഷാമില ബീവിക്കാണ് ആദ്യം കടിയേറ്റത്. നിലവിളി കേട്ട് രക്ഷിക്കാനെത്തിയ ഭർത്താവ് മാഹിൻ കണ്ണിനെയും നായ കടിച്ചു.

ഇവിടെ നിന്ന് ഓടിയ തെരുവുനായ ശ്രീകണ്ഠന്റെ വീടിന്റെ ഗേറ്റ് ചാടിക്കടന്ന് ശ്രീകണ്ഠനെയും ഭാര്യ ഓമനയെയും ആക്രമിക്കുകയായിരുന്നു. നാട്ടുകാർ ഓടിക്കൂടിയാണ് നായയെ ഒരു വീട്ടിൽ പൂട്ടിയിട്ടത്.

നായയുടെ കടിയേറ്റവരെ ആദ്യം ആര്യനാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലും, തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. പിന്നീട് നായയെ ചത്ത നിലയിൽ കണ്ടെത്തുകയും, പുറത്തെടുത്ത് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് കുഴിച്ചുമൂടുകയുമായിരുന്നു. പേവിഷ ബാധ സ്ഥിരീകരിക്കാൻ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു.

ENGLISH SUMMARY:

Street dog attack at home in Kathikada, Poochakkal, Kerala resulted in severe injuries to a woman and others who attempted to rescue her. The stray dog entered a house and attacked multiple individuals, including the homeowner and her husband, before being apprehended by locals.