school-girls

സ്കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് മൂന്നുദിവസം ആര്‍ത്തവ അവധി നല്‍കുമെന്ന ചരിത്ര പ്രഖ്യാപനവുമായി  യുഡിഎഫ് സര്‍ക്കാരിന്‍റെ ആദ്യനയപ്രഖ്യാപനം. പൊതു– സ്വകാര്യ മേഖലകളില്‍ ആറുമാസം പ്രസവാവധി നിര്‍ബന്ധമാക്കി. സുതാര്യവും ജനാഭിമുഖവും പരിസ്ഥിതി സൗഹൃദവുമാകും സര്‍ക്കാരിന്‍റെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങളെന്നും ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ ഒരുമണിക്കൂര്‍  പതിമൂന്നു മിനിറ്റ് നീണ്ട നയപ്രഖ്യാപന പ്രസംഗത്തില്‍  പറഞ്ഞു.  

രാജ്യത്ത് ആദ്യമായാണ് സ്കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് ആര്‍ത്തവ അവധി നല്‍കുന്നത്. ഒരുമാസം മൂന്നുദിവസം അവധി നല്‍കാം. ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നതായിരുന്നു വി.ഡി.സതീശന്‍ സര്‍ക്കാരിന്‍റെ ആദ്യ നയപ്രഖ്യാപനം. സ്ത്രീകള്‍ക്കും വയോജനങ്ങള്‍ക്കും സഹായകരമായ നയസമീപനമാണ് ഗവര്‍ണറുടെ പ്രസംഗം ഊന്നി പറഞ്ഞത്. 

കാര്‍ഷികമേഖലക്ക് വലിയ പ്രാധാന്യം നല്‍കുമെന്നാണ് നയം പറയുന്നത്. വനിതാ കര്‍ഷകരുടെ കണ്‍സോര്‍ഷ്യം സ്ഥാപിക്കും.  സുഗന്ധവ്യഞ്ജന പാര്‍ക്ക്  പൊതു സ്വകാര്യ മേഖലയില്‍ ആരംഭിക്കും. ഉപാധിരഹിത പട്ടയവും  നെല്‍വയല്‍നീര്‍ത്തട നിയമം കാലാനുസൃതമായി പരിഷ്ക്കരിക്കുമെന്ന പ്രഖ്യാപനവുമുണ്ട്. ലഹരിക്കെതിരയുള്ള കര്‍ശ‌ന നടപടികള്‍ , സംസഥാനത്തെ തുറമുഖ ഹബ്ബാക്കാനുള്ള നിര്‍ദേശങ്ങള്‍ എന്നിവയും  പ്രത്യേകം പറഞ്ഞിട്ടുണ്ട്. കേരളത്തിന്‍റെ മതേതര പാരമ്പര്യത്തെ സംരക്ഷിക്കും എന്ന ഉറപ്പും നയപ്രഖ്യാപനം നല്‍കുന്നു.  

നയമില്ലാത്ത പ്രഖ്യാപനമാണ് ഗവര്‍ണറുടേതെന്ന്  പ്രതിപക്ഷനേതാവ് പിണറായി വിജയന്‍ പറഞ്ഞു. യുഡിഎഫ് പ്രകടനപത്രികയില്‍ നിന്ന് ഒളിച്ചോടുന്നതായി നയപ്രഖ്യാപനം. പുതുയുഗത്തിലേയ്ക്കുള്ള റൂട്ട് മാപ് ഇതില്‍ കണാനില്ല. കിഫ്ബി, കുടുംബശ്രീ ഉള്‍പ്പടെയുള്ളവയെക്കുറിച്ച് മൗനം പാലിക്കുന്നു. തുടക്കമായതുകൊണ്ട് കടുത്ത എതിര്‍പ്പ് രേഖപ്പെടുത്തുന്നില്ലെന്നും കാത്തിരുന്ന കാണാമെന്നും പ്രതിപക്ഷനേതാവ് എന്ന നിലയില്‍ നിയമസഭയുടെ  മീഡിയാ റൂമില്‍ നടത്തിയ ആദ്യ വാര്‍ത്താസമ്മേളനത്തില്‍  പിണറായി പറഞ്ഞു. 

ENGLISH SUMMARY:

In a landmark move, the Kerala government's policy address announced a 3-day monthly menstrual leave for school-going girls, with provisions for special backup classes.