CMRL-എക്സാലോജിക് ദുരൂഹ ഇടപാട് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ മുന്‍ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉടൻ സമൻസ് അയക്കും. തിരുവനന്തപുരത്ത് പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥരെയും വാഹനത്തെയും സി.പി.എം പ്രവർത്തകർ ആക്രമിച്ച സംഭവം വീണയ്ക്കെതിരെ നിയമപരമായി ആയുധമാക്കാനാണ് ഇ.ഡിയുടെ നീക്കം. സമൻസിനെതിരെ വീണ കോടതിയെ സമീപിച്ചാൽ, ഈ അക്രമ സംഭവങ്ങൾ ചൂണ്ടിക്കാട്ടി കടുത്ത നിലപാടായിരിക്കും ഇ.ഡി സ്വീകരിക്കുക. കഴിഞ്ഞ ദിവസത്തെ പരിശോധനയ്ക്ക് പിന്നാലെ വീണയുടേത് ഉള്‍പ്പെടെ 242 അക്കൗണ്ടുകളിലായി 18.36 കോടി രൂപ ഇ.ഡി മരവിപ്പിച്ചിരുന്നു.
കേസിൽ കണ്ടെടുത്ത രേഖകൾ വിശദമായി പരിശോധിച്ച ശേഷം, ആദ്യഘട്ടത്തിൽ സി.എം.ആർ.എൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനായിരുന്നു ഇ.ഡിയുടെ പ്രാഥമിക തീരുമാനം. ഇതിനുശേഷമേ വീണ വിജയനെ വിളിച്ചുവരുത്തേണ്ടിയിരുന്നുള്ളൂ. എന്നാൽ, റെയ്ഡിനിടെ വലിയ രീതിയിലുള്ള പ്രതിഷേധവും അക്രമവും അരങ്ങേറിയ സാഹചര്യത്തിലാണ് ഇ.ഡി തന്ത്രം മാറ്റിയത്. വീണയ്ക്ക് ഉടൻ സമൻസ് അയക്കാനും ഹാജരായില്ലെങ്കിൽ കടുത്ത നടപടികളിലേക്ക് കടക്കാനുമാണ് ഇപ്പോഴത്തെ തീരുമാനം.
സമൻസിനെതിരെ വീണ കോടതിയിൽ പോയാൽ, കടുത്ത പ്രതിഷേധവും സമ്മർദ്ദവും കാരണം കൃത്യമായി മൊഴി രേഖപ്പെടുത്താൻ സാധിച്ചില്ലെന്ന കാര്യം ഇ.ഡി കോടതിയെ അറിയിക്കും. ഈ സാഹചര്യത്തിൽ ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് ഇ.ഡി വാദിച്ചാൽ അതിനെ പ്രതിരോധിക്കുക വീണയ്ക്ക് എളുപ്പമാകില്ല. അതുകൊണ്ടുതന്നെ, തിരുവനന്തപുരത്തുണ്ടായ അക്രമം നിയമപരമായി വീണ വിജയനും, രാഷ്ട്രീയമായി മുഖ്യമന്ത്രി പിണറായി വിജയനും വലിയ തിരിച്ചടിയാകുമെന്ന് ഉറപ്പാണ്.
അതേസമയം ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ സി.പി.എം പ്രവർത്തകർക്കെതിരെ വീണ്ടും കേസ്. ആക്രമണത്തിൽ പരുക്കേറ്റ പൊലീസുകാരന്റെ പരാതിയിലാണ് പോലീസ് രണ്ടാം കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ, സംഭവസ്ഥലത്തുണ്ടായിരുന്ന പ്രമുഖ സി.പി.എം നേതാക്കളെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താതെ പോലീസ് ഒത്തുകളിക്കുന്നതായാണ് ആക്ഷേപം.
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, വി. ശിവൻകുട്ടി, കടകംപള്ളി സുരേന്ദ്രൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലാണ് ഇ.ഡി ഉദ്യോഗസ്ഥർ സഞ്ചരിച്ചിരുന്ന വാഹനങ്ങൾ അക്രമികൾ അടിച്ചുതകർത്തത്. എന്നാൽ ഇവരെ ആരെയും എഫ്.ഐ.ആറിൽ പ്രതി ചേർത്തിട്ടില്ല.
ആക്രമണ സമയത്തെ ദൃശ്യങ്ങളിൽ സി.പി.എം ലോക്കൽ സെക്രട്ടറിയും മുൻ കൗൺസിലറുമായ ഐ.പി. ബിനു, എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് കെ. അനുശ്രീ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളെ വ്യക്തമായി കാണാം. എന്നാൽ ഇവരെയും പ്രതിപ്പട്ടികയിൽ നിന്ന് പൊലീസ് ബോധപൂർവ്വം ഒഴിവാക്കിയെന്നാണ് സൂചന. തിരുവനന്തപുരത്തെ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാക്കളെ മാത്രമാണ് അക്രമികളുടെ കൂട്ടത്തിൽ തിരിച്ചറിഞ്ഞിട്ടുള്ളത് എന്ന നിലപാടിലാണ് നിലവിൽ പൊലീസ്.