Untitled design - 1

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് കോടിക്കണക്കിന് രൂപ വിലമതിക്കുന്ന അമൂല്യ വസ്തുക്കളും സ്വർണ്ണവും മോഷണം പോയെന്ന പൊലീസ് റിപ്പോർട്ടിനെച്ചൊല്ലി വിവാദം പുകയുന്നു. സംസ്ഥാന പൊലീസ് മേധാവി (DGP) ആഭ്യന്തര വകുപ്പിന് നൽകിയ അതീവ ഗുരുതരമായ റിപ്പോർട്ട് തള്ളി ക്ഷേത്രം ഭരണസമിതി രംഗത്തെത്തി. ആരോപണങ്ങൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്നും ക്ഷേത്രത്തിന്റെ പ്രതിച്ഛായ തകർക്കാനുള്ള നീക്കമാണിതെന്നുമാണ് ഭരണസമിതിയുടെ വിശദീകരണം. എന്നാൽ, മോഷണം പോയെന്ന് പൊലീസ് വ്യക്തമാക്കുന്ന അമൂല്യ വസ്തുക്കൾ നിലവിൽ ക്ഷേത്രത്തിൽ സുരക്ഷിതമായിട്ടുണ്ടോ എന്ന കാര്യത്തിൽ കൃത്യമായ മറുപടി നൽകാൻ ഭരണസമിതി തയ്യാറാകാത്തത് ദുരൂഹത വർദ്ധിപ്പിക്കുന്നു.  

സംസ്ഥാന ഇന്റലിജൻസ് മേധാവി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഡിജിപി സംസ്ഥാന ആഭ്യന്തര സെക്രട്ടറിക്ക് നൽകിയ ഔദ്യോഗിക കത്തിലാണ് മോഷണ വിവരങ്ങളുള്ളത്. കഴിഞ്ഞ 6-7 മാസങ്ങൾക്കിടയിൽ ശ്രീകോവിലിനുള്ളിലെ വൈരനാമം, ക്ഷേത്രത്തിലെ സ്വർണ്ണ വിളക്ക്, 78 ഗ്രാം തൂക്കം വരുന്ന മറ്റ് സ്വർണ്ണം തുടങ്ങിയവ കാണാതായിട്ടുണ്ടെന്നാണ് റിപ്പോർട്ട്

സംസ്ഥാനത്തെ ഏറ്റവും ഉയർന്ന പൊലീസ് ഉദ്യോഗസ്ഥൻ ഔദ്യോഗികമായി നൽകിയ റിപ്പോർട്ടിൽ ഇത്രയും ഗൗരവമുള്ള പരാമർശങ്ങൾ വരാൻ ഇടയായ സാഹചര്യം എന്താണെന്ന് വിശദീകരിക്കാൻ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസറുടെ വാർത്താക്കുറിപ്പിന് സാധിച്ചിട്ടില്ല. വാർത്ത പുറത്തുവന്നതിന് പിന്നാലെ ദേവസ്വം മന്ത്രി കെ. മുരളീധരനും ആഭ്യന്തര മന്ത്രിയും ക്ഷേത്ര അധികാരികളിൽ നിന്ന് വിശദീകരണം തേടിയിരുന്നു. തുടർന്ന് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ ക്ഷേത്രത്തിൽ കർശന സുരക്ഷയുണ്ടെന്നും ആർക്കും ഒന്നും കടത്താനാകില്ലെന്നും ഭരണസമിതി അവകാശപ്പെടുന്നു.

കാണാതായെന്ന് പറയുന്ന വൈരനാമവും സ്വർണ്ണവും ക്ഷേത്രത്തിൽ തന്നെയുണ്ടെന്ന് ഉറപ്പിച്ചു പറയാൻ എക്സിക്യൂട്ടീവ് ഓഫീസറോ മറ്റ് ജനപ്രതിനിധികളോ തയ്യാറായിട്ടില്ല. "അങ്ങനെയൊന്നും സംഭവിക്കില്ല, അതൊക്കെ അവിടെ കാണും" എന്ന തരത്തിലുള്ള ഒഴുക്കൻ പ്രതികരണങ്ങൾ മാത്രമാണ് അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. വിഷയം വരും ദിവസങ്ങളിൽ കൂടുന്ന ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചർച്ച ചെയ്യുമെന്നാണ് ഇപ്പോൾ അറിയിച്ചിട്ടുള്ളത്. ക്ഷേത്രത്തിലെ സുരക്ഷാ ക്രമീകരണങ്ങളിൽ വലിയ വീഴ്ചയുണ്ടായതായി  പൊലീസ് റിപ്പോർട്ട് അടിവരയിടുന്നു. കവടിയാർ കൊട്ടാരത്തിലെ അംഗങ്ങൾക്ക് പ്രവേശിക്കാനായി നിശ്ചയിച്ചിട്ടുള്ള 'ചെമ്പകത്തുമൂട്' എന്ന പ്രത്യേക കവാടം വഴിയാണ് അനധികൃത ഇടപാടുകൾ നടക്കുന്നത്.

തിരുവനന്തപുരത്തെ ചില പ്രമുഖ വ്യാപാരികളും വ്യവസായ പ്രമുഖരും തങ്ങൾ കൊട്ടാരത്തിന്റെ പ്രതിനിധികളാണെന്നോ അല്ലെങ്കിൽ ക്ഷേത്ര ജീവനക്കാരുടെ ബന്ധുക്കളാണെന്നോ വ്യാജേന യാതൊരുവിധ സുരക്ഷാ പരിശോധനയുമില്ലാതെ ഈ വഴി അകത്തു കയറുകയും ഇറങ്ങുകയും ചെയ്യുന്നുണ്ടെന്ന് ഡിജിപിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 

ENGLISH SUMMARY:

Sree Padmanabhaswamy Temple is embroiled in a controversy following a police report alleging the theft of invaluable items and gold worth crores. The temple administration has vehemently denied these allegations, calling them baseless and an attempt to tarnish the temple's image, while questions linger about the whereabouts of the items mentioned in the police report.