maami

കോഴിക്കോട്ടെ റിയല്‍ എസ്റ്റേറ്റ് വ്യാപാരിയായ മുഹമ്മദ് ആട്ടൂരെന്ന മാമിയുടെ തിരോധാന കേസില്‍ അന്വേഷണം വഴി തിരിച്ചു വിടാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന് കുടുംബം. മകളും ബന്ധുക്കളും ക്രൈം ബ്രാഞ്ച് ഓഫീസിലെത്തി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. അതിനിടെ മാമിയുടെ ഡ്രൈവര്‍ ആയിരുന്ന രജിത്തിനെ വിവരങ്ങള്‍ തേടാന്‍ അന്വേഷണ സംഘം ഇന്നും വിളിച്ചു വരുത്തി. 

മാമി തിരോധാന കേസില്‍ 12 അംഗ സൈബര്‍ വിദക്ധരെ കൂടി ഉള്‍പ്പെടുത്തി ക്രൈംബ്രാഞ്ച് സംഘം വിപുലീകരിച്ചതിന് പിന്നാലെയാണ് കുടുംബം അന്വേഷണ ഉദ്യോഗസ്ഥരെ കാണാനെത്തിയത്. കേസ് അന്വേഷണത്തില്‍ ലോക്കല്‍ പൊലീസിന് തുടക്കം മുതല്‍ വീഴ്ച ഉണ്ടായെന്ന് പറഞ്ഞ കുടുംബം ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ തൃപ്തി അറിയിച്ചു. പല വഴികളിലൂടെ അന്വേഷണം വഴി തിരിച്ചു വിടാന്‍ ചിലര്‍ ശ്രമിക്കുന്നതായും കുടുംബം ആരോപിച്ചു. മാമിയുടെ മകള്‍ അദീബയും കുടുംബാഗങ്ങളും ആക്ഷന്‍ കമ്മിറ്റി അംഗങ്ങളും ചേര്‍ന്നാണ് കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് എസ്പിയെ കണ്ടത്. 

തിരോധാന കേസില്‍ ലോക്കല്‍ പൊലീസിന് വീഴ്ച പറ്റിയെന്നായിരുന്നു ക്രൈംബ്രാഞ്ച് എഡിജിപിയുടെ റിപ്പോര്‍ട്ട്. ഇക്കാര്യം ഉള്‍പ്പടെ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും നിവേദനം നല്‍കാനും നീക്കമുണ്ട്. 

അതിനിടെ മാമിയുടെ ഡ്രൈവര്‍‌ രജിത്തിനെ വിവരങ്ങള്‍ തേടുന്നതിനായി ക്രൈംബ്രാ‍ഞ്ച് സംഘം ഇന്നും വിളിച്ചു വരുത്തി. 2023 ആഗസ്റ്റ് 21നാണ് റിയല്‍ എസ്റ്റേറ്റ് വ്യാപാരിയായ മാമിയെ കാണാതാകുന്നത്. ആദ്യം ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് എസ്ഐടിക്ക് കൈമാറി. അന്വേഷണത്തില്‍ പുരോഗതി ഇല്ലാതായതോടെ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. എന്നാല്‍, മൂന്ന് വര്‍ഷത്തിനിപ്പുറവും മാമിക്ക് എന്ത് സംഭവിച്ചെന്ന് കണ്ടെത്താന്‍ ക്രൈം ബ്രാഞ്ചിനും സാധിച്ചിട്ടില്ല. 

ENGLISH SUMMARY:

Malayala Manorama Online News reports that the family of Kozhikode real estate businessman Mohammed Attur, also known as Mammi, alleges that some individuals are trying to divert the investigation into his disappearance. The family expressed satisfaction with the Crime Branch's probe, highlighting perceived lapses by local police.