മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് നടത്തിയ സംഭവത്തിൽ പരിഹാസവുമായി കോൺഗ്രസ് നേതാവ് അഡ്വ. വസന്ത് സിറിയക്. 'വീട്ടിൽ പോയി ചോദിച്ചാൽ മതി' എന്ന് പറഞ്ഞത് കേട്ടത് ഇഡിയാണെന്ന് തോന്നുന്നുവെന്നായിരുന്നു വസന്തിന്റെ പ്രതികരണം. അതുകൊണ്ടാണ് പിണറായിയുടെ വീട്ടിലും ബന്ധുവീടുകളിലും ഇഡി എത്തിയതെന്നും അദ്ദേഹം പരിഹസിച്ചു.
തിരഞ്ഞെടുപ്പ് സമയത്ത് സംശയം ചോദിക്കാനായി കൈ ഉയർത്തിയ പാർട്ടി പ്രവർത്തകനോട് “അത് വീട്ടിൽ പോയി ചോദിച്ചാൽ മതി” എന്നായിരുന്നു പിണറായി വിജയന്റെ പ്രതികരണം. ആ പരാമർശം ചൂണ്ടിക്കാട്ടിയാണ് ഇപ്പോഴത്തെ വിമർശനവും പരിഹാസവും ഉയരുന്നത്.
എക്സാലോജിക് കേസുമായി ബന്ധപ്പെട്ടാണ് മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെയും മരുമകന്റെയും വീടുകൾ ഉൾപ്പെടെ വിവിധ ഇടങ്ങളിൽ ഇഡി പരിശോധന നടത്തുന്നത്. കേസിൽ തുടർ അന്വേഷണം നടത്താമെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് ഇഡി റെയ്ഡുകൾ ശക്തമാക്കിയിരിക്കുന്നത്. മുന്‍മന്ത്രി മുഹമ്മദ് റിയാസിന്റെ കോഴിക്കോട് കോട്ടുളിയിലെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്. റിയാസ് കോട്ടുളിയിലെ വീട്ടില്‍ ഇല്ല. 12 ഇടങ്ങളിലാണ് പരിശോധന നടക്കുന്നത്. സിഎംആര്‍എല്‍ ഓഫിസിലും എംഡി ശശിധരന്‍ കര്‍ത്തയുടെ വീട്ടിലും ഇ.ഡി പരിശോധന നടക്കുന്നു. സിഎംആര്‍എല്‍ – എക്സാലോജിക് കേസിലാണ് പരിശോധന നടക്കുന്നത്.