വയനാട് പുത്തുമലയിൽ കാട്ടാനയുടെ ആക്രമണത്തിൽ സ്കൂട്ടർ യാത്രികയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. പുത്തുമല സ്വദേശിനി ജെസ്സിയാണ് കൊല്ലപ്പെട്ടത്. കൂടെയുണ്ടായിരുന്ന ഭർത്താവ് ഷാജി പരുക്കുകളോടെ ആശുപത്രിയിലാണ്. കാട്ടാനയക്രമണത്തില്‍ പ്രതിഷേധിച്ച് നാട്ടുകാർ മേപ്പാടിയിൽ റോഡ് ഉപരോധിച്ചു. പ്രതിഷേധത്തിനൊടുവിൽ ആനയെ മയക്കുവെടി വെച്ച് പിടികൂടുമെന്ന് വയനാട് സൗത്ത് ഡി.എഫ്.ഒ ഉറപ്പുനൽകി. അടിയന്തര സഹായമായി 10 ലക്ഷം രൂപ നല്‍കുമെന്ന് കൃഷി മന്ത്രി ടി. സിദ്ദിക്ക് ഡല്‍ഹിയില്‍ പറ‍ഞ്ഞു.വയനാടിനെ വീണ്ടും കണ്ണീരിലാഴ്ത്തി കാട്ടാനയാക്രമണം. ഇന്ന് രാവിലെ ഏഴുമണിയോടെ മേപ്പാടി - ചൂരൽമല റോഡിൽ പുത്തുമലയ്ക്കടുത്തായിരുന്നു ദാരുണമായ സംഭവം.

പുത്തുമലസ്വദേശിനിനാൽപ്പത്തിയാറുകാരിയായ ജെസ്സിയാണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഭർത്താവ് ഷാജിയോടൊപ്പം സ്കൂട്ടറിൽ ജോലിക്ക് പോകുന്നതിനിടയിലാണ് ഇവർ കാട്ടാനയുടെ മുന്നിൽപ്പെട്ടത്.ആനയെ കണ്ട് സ്കൂട്ടർ തിരിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കാട്ടാന ഇവരെ ആക്രമിക്കുകയായിരുന്നു. ജെസ്സിയെ ആന തുമ്പിക്കൈയിലെടുത്ത് ചുഴറ്റിയെറിഞ്ഞു. ഗുരുതരമായി പരിക്കേറ്റ ജെസ്സിയെ ഉടൻ തന്നെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരുക്കേറ്റ ഭർത്താവ് ഷാജി നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.പ്രദേശത്ത് കാട്ടാന ശല്യം ഓരോ ദിവസം കഴിയുംതോറും രൂക്ഷമായിട്ടും അധികൃതർ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ മേപ്പാടിയിൽ റോഡ് ഉപരോധിച്ചു.നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ വയനാട് സൗത്ത് ഡി.എഫ്.ഒ ആഷിഖ് അലി സ്ഥലത്തെത്തി ജനങ്ങളുമായി അനുനയ ചർച്ച നടത്തി. നാട്ടുകാരുടെ ജീവന് ഭീഷണിയായ കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടുമെന്ന് ഡി.എഫ്.ഒ ഉറപ്പുനൽകി.ആനയെ മയക്കുവെടി വെച്ച് പിടികൂടുമെന്ന ഡി.എഫ്.ഒയുടെ ഉറപ്പിൽ ഒടുവിൽ നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചു. എന്നാൽ, നൽകിയ വാക്ക് പാലിച്ചില്ലെങ്കിൽ ഡി.എഫ്.ഒ ഓഫീസ് ഉപരോധിക്കുമെന്നും പ്രവർത്തനം തടസ്സപ്പെടുത്തുമെന്നും നാട്ടുകാർ മുന്നറിയിപ്പ് നൽകി.

ENGLISH SUMMARY:

Wayanad elephant attack resulted in the tragic death of a housewife in Putumala. The victim, Jessa, was on her scooter with her husband Shaji, who was injured, when the wild elephant attacked.