തിരുവനന്തപുരത്തെ പൊലീസ് നടപടിയില്‍ സംസ്ഥാനവ്യാപക പ്രതിഷേധം നടത്തി എസ്എഫ്ഐ. ജില്ലാ പൊലീസ് ആസ്ഥാനങ്ങളിലേക്കുള്ള മാര്‍ച്ചുകളില്‍ സംഘര്‍ഷമുണ്ടായി. നാലിടത്ത് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കണ്ണൂരില്‍ പ്രതിഷേധക്കാര്‍ പൊലീസുകാരെ മര്‍ദിച്ചു. എസ്എഫ്ഐ പ്രവര്‍ത്തകര്‍ കണ്ണൂരിലെ പ്രതിഷേധത്തിനിടെ ഒരുലക്ഷം രൂപയുടെ നാശനഷ്ടം വരുത്തിയെന്നാണ് എഫ്ഐആര്‍. ആലപ്പുഴ എസ്പി ഓഫിസ് മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
പാളയത്തെ പൊലീസ് നടപടി ഏകപക്ഷീയമെന്ന് ആരോപിച്ചാണ് എസ്. എഫ്.ഐ പ്രവർത്തകര്‍ സെക്രട്ടേറിയറ്റ്
മാര്‍ച്ച് നടത്തിയത്. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകരും പൊലീസുമായി ഉന്തും തള്ളും സംഘര്‍ഷവുമുണ്ടായി. അഞ്ചുതവണ ജലപീരങ്കി പ്രയോഗിച്ചു.
സംസ്ഥാനവ്യാപകമായി എസ്.എഫ്.ഐ നടത്തിയ പ്രതിഷേധ മാര്‍ച്ചുകളെ പരിഹസിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല രംഗത്തെത്തി. എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ എക്സര്‍സൈസാണിത്. സ്വന്തം കഴിവ് തെളിയിക്കാനുള്ള ശ്രമമാണ്. യു.ഡി.എഫ് ഭരണം തുടങ്ങിയതേയുള്ളൂ എന്നും ഒന്നിനും സമയമായിട്ടില്ലെന്നും ചെന്നിത്തല കോട്ടയത്ത് പറഞ്ഞു.